ക്രൈംബ്രാഞ്ച് അന്വേഷണം: പി.എസ്.സി നിലപാട് ഇന്നറിയാം

തിരുവനന്തപുരം: വിവിധ റാങ്ക് ലിസ്റ്റുകളെയും, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിലെ ക്രമക്കേടുകളെയും കുറിച്ച് സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുന്നത് സംബന്ധച്ച നിലപാട് ഇന്നത്തെ പി.എസ്.സി യോഗത്തിൽ തീരുമാനിക്കും.
ഭരണഘടനാ സ്ഥാപനമായതിനാൽ അന്വേഷണത്തോട് സഹകരിക്കുന്ന കാര്യത്തിൽ പി.എസ്.സി അംഗങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കണമെന്ന നിലപാടിലാണ് ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ അനുകൂലിക്കുന്ന വിഭാഗം. എന്നാൽ, പൊതു മദ്ധ്യത്തിൽ പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്ന വാദമാണ് മറു വിഭാഗം ഉയർത്തുന്നത്.
ഇക്കാര്യത്തിൽ നിയമോപദേശം തേടുന്നതിനെക്കുറിച്ചും തീരുമാനിക്കും.
ആസൂത്രണ ബോർഡ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്), ഡിവൈ.എസ്.പി സ്പെഷ്യൽ റിക്രൂട്ട്മെന്റ് തുടങ്ങിയ വിവാദ നിയമനങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും പരീക്ഷാ രേഖകളും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് പി.എസ്.സി സെക്രട്ടറിക്ക് കത്ത് നൽകും.ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരാതിക്കാരിൽ നിന്ന് പ്രാഥമിക മൊഴിയെടുക്കൽ ആരംഭിച്ചിട്ടുണ്ട്. ലഭിച്ച മൊഴികളും പി.എസ്.സിയിൽ നിന്ന് ലഭ്യമാകുന്ന രേഖകളും വിശദമായി പരിശോധിച്ച ശേഷമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യൂ. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് ബോദ്ധ്യപ്പെട്ടാൽ വിശദമായ അന്വേഷണത്തിലേക്ക് കടക്കും. പി.എസ്.സി വിജിലൻസിന്റെ അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നു.


