AUTO

നായകൾക്കായി ഒരു ആഡംബര കാർ! പ്യൂഷോ ഇ-5008 ‘ഡോഗ് എഡിഷൻ’ എത്തി


നായകള്‍ക്ക് വേണ്ട ആഡംബര സൗകര്യങ്ങളോടെ കാര്‍ പുറത്തിറക്കി ഞെട്ടിക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പ്യൂഷോ. നായകളെ ജീവനോളം സ്‌നേഹിക്കുന്നവരെ ആവേശത്തിലാക്കുന്നതാണ് പ്യൂഷോ ഇ-5008 ഡോഗ് എഡിഷന്‍ എന്ന കണ്‍സെപ്റ്റ് വാഹനം. യാത്രകളില്‍ സ്ഥിരമായി നായകളെ കൂടെ കൂട്ടുന്നവര്‍ സ്വപ്‌നം പോലും കാണാത്ത സൗകര്യങ്ങളാണ് പ്യൂഷോ അവരുടെ ഇ-5008 ഡോഗ് എഡിഷനില്‍ കൊണ്ടുവന്നിരിക്കുന്നത്. യാത്രക്കിടെ നായകള്‍ വഴുതിവീഴാതെ സുഖമായിരിക്കാന്‍ ഇന്റീരിയറില്‍ പ്രത്യേകം മൃദുവായതും വഴുക്കാത്തതുമായ വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. കാര്‍ ഓടുമ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന വളര്‍ത്തു മൃഗങ്ങളുടെ സുരക്ഷക്ക് ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും വലിയ വ്യത്യാസം വരുത്തുമെന്നും കമ്പനി പറയുന്നു. വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗത്തെ പോലെ സ്‌നേഹിക്കുന്നവരെ അമ്പരപ്പിക്കുന്ന നിരവധി സവിശേതകള്‍ പ്യൂഷോയുടെ ഈ പുതിയ കണ്‍സെപ്റ്റ് വാഹനത്തിലുണ്ട്. വെറുമൊരു കാറെന്നതിനേക്കാള്‍ വളര്‍ത്തു മൃഗങ്ങള്‍ക്കു വേണ്ട ആഡംബര സൗകര്യങ്ങളുള്ള വാഹനമാണിത്. ഈ കാറിലെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിലൊന്നാണ് മോഡുലാര്‍ മാട്രസ്. ഈ കിടക്ക കാറിന്റെ പിന്‍സീറ്റുകളിലോ അല്ലെങ്കില്‍ പിന്നിലെ കാര്‍ഗോ ഭാഗത്തോ വിരിക്കാനാവും. കാറിനകത്ത് പൊഴിയുന്ന നായകളുടെ രോമം പടരാതെ സൂക്ഷിക്കാന്‍ ഈ പ്രത്യേകം നിര്‍മിച്ച കിടക്കക്കാവും. യാത്ര അവസാനിക്കുമ്പോള്‍ ഈ കിടക്ക കാറില്‍ നിന്നും പുറത്തെടുത്ത് നായകള്‍ക്ക് ഉറങ്ങാനുള്ള പ്രത്യേകം ഡോഗ് ബെഡ് ആക്കി മാറ്റാനുമാവും. വളര്‍ത്തു മൃഗങ്ങളുടെ സുരക്ഷിതത്വത്തിന് എഐ സാങ്കേതികവിദ്യ വരെ പ്യൂഷോ ഇ-5008 ഡോഗ് എഡിഷനിലുണ്ടാവും. ഈ വാഹനത്തിലെ നാവിഗേഷന്‍ സംവിധാനം പോലും പെറ്റ് ഫ്രണ്ട്‌ലിയാണ്. വാഹനം ചാര്‍ജ് ചെയ്യേണ്ടി വരുമ്പോള്‍ വലിയ പാര്‍ക്കുകള്‍ക്കോ നായകളെ നടത്താനാവുന്ന പ്രദേശങ്ങള്‍ക്കോ അടുത്തുള്ള ചാര്‍ജിങ് സ്‌റ്റേഷനുകളാണ് നിര്‍ദേശിക്കുക. വാഹനം ചാര്‍ജ് ചെയ്യുന്ന സമയം കൊണ്ട് ഉടമസ്ഥര്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങളുമായി പുറത്തിറങ്ങി വരാനും സാധിക്കും. നായകളെ തിരികെ വിളിക്കാനുള്ള ഡോഗ് റിട്രീവറാണ് മറ്റൊരു അപൂര്‍വ്വ ഫീച്ചര്‍. യാത്രക്കിടെ എവിടെയെങ്കിലും വെച്ച് നായ വഴിതെറ്റിപ്പോയാലും പേടിക്കണ്ട. കാറില്‍ നിന്നും ഉയരുന്ന പ്രത്യേക ശബ്ദം നായയെ തിരികെ വാഹനത്തിലേക്ക് ആകര്‍ഷിക്കും. നായ തിരികെയെത്തുമ്പോള്‍ കാര്‍ തനിയെ അതിനെ തിരിച്ചറിയുകയും എളുപ്പത്തില്‍ വാഹനത്തിനകത്തേക്ക് കയറാന്‍ സാധിക്കുകയും ചെയ്യും. 


Source link

Back to top button