NEWS
ആ നിയമതടസം മാറിക്കിട്ടി, ഇനി ഇ.ഡിയുടെ ഊഴം; ചോദ്യം ചെയ്യൽ പട്ടികയിലേക്ക് ഇവർ

കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് രണ്ട് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തതോടെ ഇനി ഇ.ഡിയുടെയും ഊഴം. വിജിലൻസ് എഫ്ഐആർ ഇട്ട സാഹചര്യത്തിൽ തങ്ങൾ ഇസിഐആർ റജിസ്റ്റർ ചെയ്യുമെന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഇതിന്റെ സമയക്രമം തീരുമാനിച്ചിട്ടില്ലെന്നും മേലുദ്യോഗസ്ഥരുമായുള്ള ആലോചനകൾക്കു ശേഷമായിരിക്കും ഇതെന്നുമാണ് കേന്ദ്ര ഏജൻസിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. അതിനിടെ, എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി.ഇസിഐആർ റജിസ്റ്റർ ചെയ്യുന്നതിന്റെ ആദ്യ പടിയായി എഫ്ഐആറുകളുടെയും ബന്ധപ്പെട്ട രേഖകളുടെയും കോപ്പികൾ ഇ.ഡി വിജിലൻസിൽനിന്ന് ശേഖരിക്കും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കിൽ അഴിമതി നിരോധന നിയമപ്രകാരമോ മറ്റ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ നിർദിഷ്ട വകുപ്പുകൾ പ്രകാരമോ ഉള്ള ഒരു കേസ് (ഷെഡ്യൂൾഡ് ഒഫൻസ്) ഒരു സംസ്ഥാന ഏജൻസി റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിജിലൻസിന്റെ രണ്ട് എഫ്ഐആറുകളിലൂടെ ഇ.ഡിക്കു മുന്നിലുണ്ടായിരുന്ന ഈ നിയമതടസം മാറിക്കിട്ടി.ഇ.ഡി നൽകിയ വിവരങ്ങളുടെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന വിജിലൻസ് ഇന്നാണ് എഫ്ഐആറുകൾ റജിസ്റ്റർ െചയ്തത്. ആദ്യ എഫ്ഐആർ അഴിമതി നിരോധന നിയമപ്രകാരമാണ് തയാറാക്കിയിട്ടുള്ളത്. ഇതിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയും മകൾ ടി. വീണ ഉൾപ്പെടെയുള്ളവരെ മറ്റ് പ്രതികളാക്കിയുമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സേവനങ്ങളൊന്നും നൽകാതെ സാമ്പത്തിക നേട്ടമുണ്ടാക്കുകയും അധികാരം ദുരുപയോഗം ചെയ്തു എന്നതുമാണ് ഇതിലെ പ്രധാന ആരോപണം. രണ്ടാമത്തെ എഫ്ഐആർ കള്ളപ്പണം വെളുപ്പിക്കൽ, ഹവാല–കുഴൽപ്പണ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ മുൻനിർത്തിയാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പി.എ.മുഹമ്മദ് റിയാസ്, ടി. വീണ എന്നിവരുൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്തുണ്ട്.
Fashion ⏭️




