BUSINESS
വീടുകളിൽ സ്വർണഖനി! 10 ലക്ഷം കിലോ ‘പുറത്തെടുക്കാൻ’ കേന്ദ്രം; വീണ്ടുമെത്തും ‘സ്വർണം പണമാക്കൽ’ ബംപർ

ഇന്ത്യയിലെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള കോടിക്കണക്കിനു രൂപയുടെ സ്വർണം വിപണിയിലെത്തിക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രം. 2015ൽ അവതരിപ്പിക്കുകയും കഴിഞ്ഞ വർഷം പിൻവലിക്കുകയും ചെയ്ത സ്വർണം പണമാക്കൽ പദ്ധതി (ഗോൾഡ് മോണിറ്റൈസേഷൻ സ്കീം) പരിഷ്ക്കരിച്ച് നടപ്പിലാക്കാനാണ് ആലോചന. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. 10 ലക്ഷം കിലോ സ്വർണം ഇങ്ങനെ ശേഖരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. നേരത്തെ ബാങ്കുകൾക്ക് മാത്രമാണ് ജനങ്ങളിൽ നിന്ന് സ്വർണം ശേഖരിക്കാൻ കഴിഞ്ഞിരുന്നത്. ഇക്കുറി ജ്വല്ലറികളെയും ഇതിൽ ഉൾപ്പെടുത്തുമെന്നും വിവരമുണ്ട്. കേന്ദ്രസർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ രാജ്യത്തേക്കുള്ള സ്വർണ ഇറക്കുമതിയിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന് സ്വർണം വാങ്ങൽ കുറയ്ക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾക്ക് പകരം രാജ്യത്തെ സ്വർണശേഖരം നിയമപരമായി ഉപയോഗപ്പെടുത്താനുള്ള സംവിധാനം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. ഇതുവഴി സ്വർണ ഇറക്കുമതി കുറയ്ക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും കഴിയുമെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യത്തെ സ്വർണശേഖരത്തിന്റെ 5 ശതമാനമെങ്കിലും വിപണിയിലെത്തിച്ചാൽ പണലഭ്യത 8.5 ലക്ഷം കോടിയെങ്കിലും കൂട്ടാൻ കഴിയുമെന്നാണ് പ്രതീക്ഷ. വീടുകളിലുള്ള സ്വർണത്തിന്റെ അഞ്ച് ശതമാനമെങ്കിലും പുറത്തെടുത്ത് ‘റീസൈക്കിൾ’ ചെയ്യാൻ കഴിഞ്ഞാൽ ഇറക്കുമതി പൂർണമായും നിർത്താമെന്നും വിദഗ്ധർ പറയുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ 7240 കോടി ഡോളറാണ് സ്വർണ ഇറക്കുമതിയ്ക്ക് ഇന്ത്യ ചെലവഴിച്ചത്.ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി10 ഗ്രാം മുതൽ എത്ര തൂക്കത്തിലുമുള്ള സ്വർണം നിശ്ചിത കാലത്തേക്ക് നിക്ഷേപിച്ച് പലിശ വരുമാനം നേടാനും കാലാവധി കഴിഞ്ഞാൽ തിരിച്ചെടുക്കാനുമുള്ള പദ്ധതിയായിരുന്നു ഇത്. കാലാവധി എത്തിയാൽ അതേ തൂക്കത്തിലുള്ള സ്വർണമോ വിപണി വിലയോ ലഭിക്കും. 2015ൽ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമായിരുന്നു കേന്ദ്രസർക്കാർ നിർണായക നീക്കം നടത്തിയത്. എന്നാൽ പത്തു വർഷത്തിനു േശഷം എത്തിയത് വെറും 38 ടൺ സ്വർണം മാത്രമായിരുന്നു. ഇതിനിടയിൽ സ്വർണവിലയും വല്ലാതെ കുതിച്ചു. നിക്ഷേപിച്ചവർക്ക് ഉയർന്ന വിലയും രണ്ടു ശതമാനം പലിശയും നൽകേണ്ടി വന്നത് കേന്ദ്രസർക്കാരിന് വലിയ ബാധ്യതയുണ്ടാക്കി. ഇതോടെ പദ്ധതി കഴിഞ്ഞ വർഷം നിർത്തി. ഇക്കുറി ആകർഷകമായ പലിശ നിരക്കിൽ പദ്ധതി അവതരിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും വിവരം.
Source link


