BUSINESS
വിഴിഞ്ഞം വരുമാനത്തിന് കേരളം കാത്തിരിക്കണം, ഭൂമിയേറ്റെടുക്കൽ പെരുവഴിയിൽ; അദാനിക്ക് ലഭിച്ചത് 600 കോടി, സംസ്ഥാനത്തിന് 80 കോടി

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖം വഴി കേരളത്തിന്റെ സാമ്പത്തികവളർച്ച സാധ്യമാക്കാനുള്ള ശ്രമങ്ങൾ കടലാസിലൊതുങ്ങി. തുറമുഖത്തുനിന്നു നേരിട്ടുള്ള വരുമാനം സംസ്ഥാനത്തിനു ലഭിച്ചു തുടങ്ങാൻ ഇനിയും 8 വർഷം കാത്തിരിക്കണം. അനുബന്ധ വ്യവസായ വികസനമാണു സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കുള്ള വഴിയെന്നിരിക്കെയാണ് ഇതിനുള്ള ശ്രമങ്ങളെല്ലാം പെരുവഴിയിലായത്.അനുബന്ധ വ്യവസായത്തിനു ഭൂമിയേറ്റെടുക്കാൻ 2 ഏജൻസികളെ ചുമതലപ്പെടുത്തിയിരുന്നു. കിൻഫ്ര 300 ഏക്കറും വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) 700 ഏക്കറും കണ്ടെത്തിയെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഒരേക്കർ പോലും വാങ്ങിയില്ല. ഭൂമി ലഭ്യമല്ലാത്തതിനാൽ ഒരു കമ്പനിപോലും നിക്ഷേപമിറക്കിയിട്ടുമില്ല.കിൻഫ്ര 300 ഏക്കർ കണ്ടെത്തിയതിൽ 50 ഏക്കർ വാങ്ങുന്നതിനു വില നിശ്ചയിക്കാനുള്ള ഫയൽ മാസങ്ങളായി കലക്ടർക്കു മുൻപിലാണ്. വിസിൽ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല.തുറമുഖത്തു ട്രാൻസ്ഷിപ്മെന്റിനായി ആയിരത്തിലേറെ കപ്പലുകളെത്തിയ വകയിൽ അദാനി പോർട്സ് ഇതുവരെ 600 കോടി രൂപ വരുമാനമുണ്ടാക്കി. സംസ്ഥാന സർക്കാരിനു നികുതിയിനത്തിൽ 80 കോടി രൂപയിൽ താഴെയാണു ലഭിച്ചത്. അതിൽ ഏറിയ പങ്കും തുറമുഖ പ്രവർത്തനത്തിനുള്ള ക്രെയിനുകൾ എത്തിച്ച വകയിലാണ്.തുറമുഖ കമ്പനിയിൽ ഓഹരിയില്ലെങ്കിലും ഇതുവരെയുള്ള വികസനത്തിൽ ഏറ്റവുമധികം പണം മുടക്കിയതു സംസ്ഥാന സർക്കാരാണ്. അദാനി 2454 കോടി മുടക്കിയപ്പോൾ 5595.34 കോടിയാണു സംസ്ഥാനത്തിന്റെ ചെലവ്. ഇതിൽ 3085 കോടി ഇതിനകം മുടക്കി. വയബിലിറ്റി ഗ്യാപ് ഫണ്ട് ആയി കേന്ദ്രം നൽകിയ 817 കോടി രൂപ, സംസ്ഥാനത്തിനു വരുമാനം ലഭിച്ചു തുടങ്ങുമ്പോൾ തിരിച്ചടയ്ക്കണമെന്നാണു വ്യവസ്ഥ. അതിനാൽ ഫലത്തിൽ കേന്ദ്രത്തിന് ഈ പദ്ധതിയിൽ സാമ്പത്തിക പങ്കാളിത്തമില്ല. ഇത്രയധികം പണം മുടക്കുന്ന സംസ്ഥാന സർക്കാരിന് 2034 ൽ ആദ്യ വരുമാന വിഹിതം (പ്രീമിയം) ലഭിക്കുക ഏകദേശം 13 കോടി രൂപ മാത്രമാണ്.
Source link


