BUSINESS

അന്നത്തെ ആ മലയാളി പയ്യന്‍ ഇന്നൊരു കോടീശ്വരന്‍ ആണ്! പുതു തലമുറ സംരംഭകര്‍ പഠിക്കേണ്ട ‘കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി’


Keral Business Success: കയ്യില്‍ വലിയ പണമൊന്നുമില്ല. പിതാവ് നല്‍കിയ ഒരു ലക്ഷം രൂപയുടെ മൂലധനം മാത്രമായിരുന്നു ആകെയുള്ള ബലം. പക്ഷെ തോറ്റുകൊടുക്കാന്‍ ആ മലയാളി പയ്യന്‍ തയ്യാറായിരുന്നില്ല. സ്വയം എന്തെങ്കിലൃും സാധിക്കണമെന്ന അതിയായ ആഗ്രഹം അവനെ വേട്ടയാടി. അങ്ങനെ 1977-ല്‍ കൊച്ചിയിലെ ഒരു ചെറിയ വാടകമുറിയില്‍ ആ പയ്യന്‍ ‘വോള്‍ട്ടേജ് ഗാര്‍ഡ്’ (Voltage Guard) എന്ന പേരില്‍ ഒരു സംരംഭം ആരംഭിച്ചു. സഹായത്തിനായി 2 തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതും, സ്റ്റെബിലൈസര്‍ അസംബിള്‍ ചെയ്യുന്നതും, അത് ടെസ്റ്റ് ചെയ്യുന്നതും, എന്തിന് ഒടുവില്‍ വില്‍ക്കാന്‍ കൊണ്ടുപോകുന്നതുമെല്ലാം ആ പയ്യന്‍ തന്നെയായിരുന്നു. തന്റെ ചേതക് സ്‌കൂട്ടറിന്റെ മുന്നിലും, പിന്നിലും സ്റ്റെബിലൈസര്‍ പെട്ടികള്‍ കെട്ടിവെച്ച് കൊച്ചിയിലെ കടകള്‍ തോറും ഓര്‍ഡര്‍ പിടിക്കാന്‍ ഈ യുവാവ് അലഞ്ഞുതിരിഞ്ഞു. വായിക്കുമ്പോള്‍ തന്നെ മനസില്‍ ഒരു പ്രതീക്ഷയുടെ വേള്‍ട്ടേജ് നിങ്ങളില്‍ പലര്‍ക്കും ഫീല്‍ ചെയ്തിരിക്കാം. ഇന്ന് കേരളത്തില്‍ ഹൈ വോള്‍ട്ടേജില്‍ പലരെയും ആകര്‍ഷിക്കുന്ന ബിസിനസ് പ്രമുഖനാണ് അന്നത്തെ ആ കൊച്ചുപയ്യന്‍. പ്രമുഖ വ്യവസായിയും വി-ഗാര്‍ഡ് (V-Guard), വണ്ടര്‍ലാ (Wonderla) എന്നീ വന്‍കിട ബ്രാന്‍ഡുകളുടെ സ്ഥാപകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പറ്റിയാണ് പറഞ്ഞത്. പുതിയ തലമുറയിലെ സംരംഭകര്‍ക്ക് പാഠപുസ്തകമായി മാറുകയാണ് അദ്ദേഹത്തിന്റെ ബിസിനസ് വളര്‍ച്ചയും, വിജയരഹസ്യങ്ങളും. കേവലം ട്രെന്‍ഡുകള്‍ മാത്രം നോക്കി വലിയ തുകകള്‍ ഇന്‍വെസ്റ്റ് ചെയ്യുന്ന ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകളുടെ കഥയല്ല ചിറ്റിലപ്പള്ളിയുടേത്. സാധാരണക്കാരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതാണ് യഥാര്‍ത്ഥ ബിസിനസ് വിജയമെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു. സാധാരണക്കാരന്‍ കടകളില്‍ ചെന്ന് ബ്രാന്‍ഡ് പേര് പോലും പറയാതെ ‘ചിറ്റിലപ്പിള്ളിയുടെ കമ്പനിയുടെ സാധനം മതി’ എന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ് യാത്ര.പുതിയ കാലത്തെ സംരംഭകര്‍ക്ക് ഒരു മികച്ച മാതൃകയാണ് ഈ എളിയ മലയാളി. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തി അവയ്്ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്ന് അദ്ദേഹം ഇക്കണോമിക് ടൈംസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വിപണിയിലെ താല്‍ക്കാലിക ട്രെന്‍ഡുകള്‍ക്ക് പുറകെ പോകാതെ, ചുറ്റുമുള്ള സാധാരണക്കാരായ ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കൃത്യമായി മനസിലാക്കി ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതാണ് വി-ഗാര്‍ഡിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് അദ്ദേഹം വ്യക്തമാക്കി. കടമെടുത്ത് വലിയ ഓഫീസുകള്‍ സ്ഥാപിച്ച് ബിസിനസ് തുടങ്ങുന്ന ഇന്നത്തെ രീതികളില്‍ നിന്ന് മാറി, പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് ആരംഭിച്ച് ബിസിനസ്സ് വളര്‍ത്തുന്ന ബൂട്ട്‌സ്ട്രാപ്പിങ് രീതികളുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വിജയകഥ തന്നെ ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്. ഒരു ബിസിനസിന്റെ ഏറ്റവും വലിയ കരുത്ത് മികച്ച ഉപഭോക്തൃ സേവനവും, ജീവനക്കാരെ കൂടെ നിര്‍ത്താനുള്ള മാനേജ്മെന്റിന്റെ കഴിവുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വി ഗാര്‍ഡിന്റെ തുടക്കത്തില്‍ വിപണി കണ്ടെത്തുക എന്നത് അദ്ദേഹത്തിന് വലിയ വെല്ലുവിളിയായിരുന്നു. തുടക്കത്തില്‍ കടയുടമകള്‍ പുതിയ ബ്രാന്‍ഡിനെ വിശ്വസിക്കാന്‍ മടിച്ചു. യായിരുന്നു. തന്റെ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തില്‍ നൂറ് ശതമാനം ഉറപ്പുണ്ടായിരുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ‘ഇത് വിറ്റുപോയില്ലെങ്കില്‍ ഞാന്‍ തിരിച്ചെടുത്തോളാം. എന്തെങ്കിലും കംപ്ലയിന്റ് വന്നാല്‍ ഞാന്‍ നേരിട്ട് വന്ന് ശരിയാക്കും.’ എന്നു വാക്കുനല്‍കി. ആ വാക്ക് വെറുതെയായിരുന്നില്ല. വി-ഗാര്‍ഡ് സ്റ്റെബിലൈസറുകള്‍ കേടായാല്‍, കൊച്ചൗസേപ്പ് തന്നെ സ്‌കൂട്ടറില്‍ എത്തി നന്നാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ അപാരമായ കസ്റ്റമര്‍ സര്‍വീസും, വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും പെട്ടെന്ന് തന്നെ ജനങ്ങള്‍ക്കിടയില്‍ സംസാരവിഷയമായി. കടകളില്‍ ചെന്ന് ആളുകള്‍ ‘ആ ചിറ്റിലപ്പിള്ളിയുടെ കമ്പനിയുടെ സ്റ്റെബിലൈസര്‍ മതി’ പറയാന്‍ തുടങ്ങി. പരസ്യങ്ങളേക്കാള്‍ വലിയ വിജയമായിരുന്നു ഇത്. ബിസിനസും വ്യക്തിബന്ധങ്ങളും എങ്ങനെ വേര്‍തിരിച്ചു നിര്‍ത്തണം എന്നതിനെക്കുറിച്ചും, അടുത്ത തലമുറയ്ക്ക് കൃത്യമായ സമയത്ത് അധികാരം കൈമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കേവലം മൂന്ന് പേരുമായി തുടങ്ങിയ ആ കൊച്ചു സ്ഥാപനം ഇന്ന് കോടികളുടെ സാമ്രാജ്യമാണ്. സ്റ്റെബിലൈസറുകള്‍, ഇന്‍വെര്‍ട്ടറുകള്‍, കേബിളുകള്‍, പമ്പുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങി കൈവച്ച മേഖലകളില്‍ എല്ലാം തിളങ്ങി നില്‍ക്കുന്നു. ഒരു സാധാരണ മലയാളി യുവാവിന്റെ കഠിനാധ്വാനവും, കൃത്യമായ കാഴ്ചപ്പാടും, ഉപഭോക്താവിനോടുള്ള വിശ്വസ്തതയും ഒത്തുചേര്‍ന്നാല്‍ ലോകം കീഴടക്കാവുന്ന ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തുടക്കക്കാരായ ഏതൊരു സംരംഭകനും ബിസിനസ് മേഖലയില്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു യഥാര്‍ത്ഥ ഗൈഡ് ആ ജീവിതം. അദ്ദേഹവുമായി ഇക്കണോമിക് ടൈംസ് മലയാളം നടത്തിയ ഇന്റര്‍വ്യൂ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Read News

Back to top button