SPORTS
ഇഷാൻ കിഷന്റെ റണ്ണൗട്ട്: കുറ്റക്കാരൻ ആര്? ആരാധകർ രണ്ട് തട്ടിൽ; വൈറലായി അഭിഷേക് ശർമയുടെ കമന്റും

ചെസ്‌റ്റർ ലെ സ്ട്രീറ്റ് ∙ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ റണ്ണൗട്ടിനെ ചൊല്ലിയും ഇതിനിടെ സഹതാരം അഭിഷേക് ശർമയുടെ കമന്റിലും സമൂഹമാധ്യമങ്ങളിൽ ചർച്ച. ട്വന്റി20 ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയതിനു പിന്നാലെ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിലാണ് നേരിട്ട രണ്ടാം പന്തിൽ റണ്ണിന് ശ്രമിച്ച് ഇഷാൻ കിഷൻ (0) റണ്ണൗട്ടായത്. അഭിഷേക് ശർമയുമായുണ്ടായ ആശയക്കുഴപ്പത്തിനിടെയാണ് ഇഷാൻ റണ്ണൗട്ടായത്.ഇതോടെയാണ് ഈ പുറത്താകലിൽ ആരാണ് കുറ്റക്കാരൻ എന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചത്. ഇഷാന്റെ അശ്രദ്ധയാണ് റണ്ണൗട്ടിന് ഇടയാക്കിയതെന്ന് ചിലർ വാദിച്ചപ്പോൾ ഐസിസി റാങ്കിങ്ങിൽ തന്നെ പിന്തള്ളി ഒന്നാമതെത്തിയ ഇഷാൻ കിഷനെ അഭിഷേക് ശർമ ബോധപൂർവം പുറത്താക്കിയതാണെന്ന് മറ്റു ചിലർ ആരോപിച്ചു. ഇഷാന് 876 റാങ്കിങ് പോയിന്റും അഭിഷേകിന് 869 റാങ്കിങ് പോയിന്റുമാണുള്ളത്. ഇതാദ്യമായാണ് ഐസിസി റാങ്കിങ്ങിൽ ഇരുപത്തിയേഴുകാരൻ ഇഷാൻ മുന്നിലെത്തുന്നത്. കമന്ററിക്കിടെ നിലപാട് വ്യക്തമാക്കി ഇതിഹാസ താരം സുനിൽ ഗവാസ്കറും രംഗത്തെത്തി. ‘ഈ ഫോർമാറ്റിൽ എത്രയും പെട്ടെന്ന് അക്കൗണ്ട് തുറക്കാൻ ആരും ആഗ്രഹിക്കും. എന്നാൽ അത് അഭിഷേക് ശർമയുടെ തെറ്റായിരുന്നില്ല. പൂർണ്ണമായും ഇഷാൻ കിഷന്റെ മാത്രം തെറ്റായിരുന്നു അത്’ – ഗവാസ്കർ പറഞ്ഞു.
Source link


