NEWS
മാരക വിഷം കുത്തിവെച്ചത് രണ്ട് തവണ, എന്നിട്ടും മരിച്ചില്ല! മണിക്കൂറുകളോളം ശ്വാസമെടുത്തു; ലോകത്തെ ഞെട്ടിച്ച അസാധാരണ വധശിക്ഷ

ടെന്നസി∙ അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് നിന്ന് പുറത്തുവന്ന അസാധാരണമായ ഒരു വധശിക്ഷാ വാർത്ത ലോകമെമ്പാടുമുള്ള നീതിന്യായ വ്യവസ്ഥയെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ജയിലിൽ വെച്ച് ക്രിസ്റ്റ പൈ എന്ന തടവുകാരിക്ക് മേൽ നടപ്പാക്കാൻ ശ്രമിച്ച വധശിക്ഷ, അധികൃതരുടെ പിഴവുകളും ആരോഗ്യപ്രശ്നങ്ങളും കാരണം നാടകീയമായി പരാജയപ്പെടുകയായിരുന്നു. പെന്റോബാർബിറ്റാൾ എന്ന മാരക വിഷം രണ്ട് തവണ സിരകളിലേക്ക് കുത്തിവെച്ചിട്ടും മരിക്കാതെ, മണിക്കൂറുകളോളം ശ്വാസമെടുത്ത് ജീവനോടെ അവശേഷിച്ച പൈയെ ഒടുവിൽ ജയിൽ സെല്ലിലേക്കല്ല, മറിച്ച് ആംബുലൻസിൽ ആശുപത്രിയിലെ അതീവ തീവ്രപരിചരണ വിഭാഗത്തിലേക്കാണ് മാറ്റിയത്. വധശിക്ഷാ വിധിക്കെതിരെ നേരത്തെ തന്നെ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിഭാഗം കോടതിയെ സമീപിച്ചിരുന്നെങ്കിലും അധികൃതർ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഈ ദാരുണ സംഭവവികാസങ്ങളെ തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ സംസ്ഥാനത്തെ മുഴുവൻ വധശിക്ഷകളും താൽക്കാലികമായി നിർത്തിവയ്ക്കാനും സംഭവത്തിൽ സ്വതന്ത്ര അന്വേഷണത്തിനും ഉത്തരവിടുകയുണ്ടായി.മരണത്തിന്റെ ഭീകരതയിലൂടെയും ശാരീരിക യാതനകളിലൂടെയും കടന്നുപോയ ഒരാളെ വീണ്ടും അതേ ശിക്ഷയ്ക്ക് വിധേയനാക്കുന്നത് മാനുഷികമായും ഭരണഘടനാപരമായും ക്രൂരതയാണെന്നാണ് പ്രതിഭാഗം അഭിഭാഷകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ശക്തമായ വാദം. അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന ‘ക്രൂരവും അസാധാരണവുമായ ശിക്ഷാവിധികൾക്കെതിരെയുള്ള അവകാശങ്ങളുടെ’ ലംഘനമാണിതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സാങ്കേതികതയുടെയും നിയമപരമായ പഴുതുകളുടെയും പേരിൽ ഒരാളെ രണ്ടുതവണ മരണത്തിന്റെ നിഴലിലേക്ക് തള്ളിവിടുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിലപാട്. ആധുനിക നിയമവ്യവസ്ഥയിൽ കടുത്ത കോടതി വ്യവഹാരങ്ങൾക്കും പുതിയ നിയമ തർക്കങ്ങൾക്കും ഈ വിഷയം വഴിതുറക്കുമെന്നുറപ്പാണ്. (Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Tennessee Department of Corrections എന്ന ഔദ്യോഗിക വെബ്‍സൈറ്റിൽ നിന്ന്)
Fashion ⏭️




