SPORTS
ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് പഴങ്കഥ; ട്വന്റി20 ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ ഇനി ഈ 20കാരന്റേത്

ബ്ലൂംഫോണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക) ∙ പുരുഷ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് ദക്ഷിണാഫ്രിക്കൻ താരം ലുവാന്‍ ഡ്രെ പ്രിട്ടോറിയസ്. ബ്ലൂംഫോണ്ടെയ്നിൽ നടന്ന സിഎസ്എ ടി20 ചലഞ്ച് മത്സരത്തിൽ ടൈറ്റൻസിന് വേണ്ടി നൈറ്റ്സിനെതിരെ 79 പന്തിൽ 188 റൺസാണ് പ്രിട്ടോറിയസ് അടിച്ചുകൂട്ടിയത്. 2013 ഐപിഎലിൽ പുണെ വാരിയേഴ്സ് ഇന്ത്യക്കെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി ഗെയ്‌ൽ നേടിയ 175 റൺസിന്റെ റെക്കോർഡാണ് ഇരുപതുകാരനായ ഇടംകൈയ്യൻ ബാറ്റർ പ്രിട്ടോറിയസ് തകർത്തത്. 13 വർഷമായി ഗെയ്‌ലിന്റെ കൈവശമിരുന്ന റെക്കോർഡാണ് തകർന്നത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച പ്രിട്ടോറിയസ്, 24 പന്തിൽ അർധസെഞ്ചറിയും വെറും 40 പന്തിൽ സെഞ്ചറിയും തികച്ചു.ഈ വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ ആദ്യം ബാറ്റു ചെയ്ത ടൈറ്റൻസ് 3 വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് നേടി. സിഎസ്എ ടി20 ചാലഞ്ച് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ടീം സ്കോറാണ്. 2022ൽ നൈറ്റ്സിനെതിരെ ടൈറ്റൻസ് തന്നെ നേടിയ 3 വിക്കറ്റന് 271 റൺസായിരുന്നു ഇതുവരെ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന ടോട്ടൽ. മറുപടി ബാറ്റിങ്ങിൽ, നൈറ്റ്‌സിന്റെ ഇന്നിങ്സ് 17.2 ഓവറിൽ 143 റൺസിൽ അവസാനിച്ചു. ടൈറ്റൻസിന് 124 റൺസ് വിജയം.
Auto ⏭️




