NEWS
എന്തൊരു ചേലാണ്! പ്രകൃതിയൊരുക്കിയ വയനാട്ടിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം; വനം വകുപ്പ് അടച്ചിട്ടിട്ട് 10 വർഷത്തിലേറെയായി

വടുവൻചാൽ ∙ പ്രകൃതിയൊരുക്കിയ വയനാട്ടിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിന്റെ കാഴ്ച സഞ്ചാരികൾക്കായി തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. പത്തുവർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന വനംവകുപ്പിന് കീഴിലുള്ള മീൻമുട്ടി വെള്ളച്ചാട്ടമാണ് തുറക്കണമെന്ന ആവശ്യമുയരുന്നത്. മീൻമുട്ടി വെള്ളച്ചാട്ടവും പ്രദേശത്തെ നീലിമല വ്യൂ പോയിന്റ്, സൺറൈസ് വാലി എന്നിവയും സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയാൽ പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് അത് മുതൽകൂട്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.ഏകദേശം മൂന്നൂറടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമാണ്. മഴക്കാലത്ത് നീരൊഴുക്ക് വർധിക്കുന്നതോടെ കൂടുതൽ സുന്ദരമാകും. എതിർദിശയിൽ നിന്നുള്ള മലയിൽ നിന്നാണ് പൂർണമായും കാണാൻ സാധിക്കുക. പച്ചപുതച്ച കുന്നുകൾക്കു നടുവിൽ ഇത്രയും ദൂരത്തിൽ ദൃശ്യഭംഗിയോടെ കാണാവുന്ന മറ്റൊരു വെള്ളച്ചാട്ടം ജില്ലയിലില്ല. നീലിമല വ്യൂ പോയിന്റും സൺറൈസ് വാലിയുമെല്ലാം സന്ദർശകർക്ക് കാഴ്ചകളുടെ വിരുന്നൊരുക്കുന്ന സ്ഥലമാണ്. മഴക്കാലമായാൽ പ്രദേശം പൂർണമായും പച്ചപ്പണിയുന്നത് ഇവിടേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കും. സാഹസിക വിനോദ സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഇടങ്ങളാണിതെല്ലാം. ഏഷ്യയിൽ ഏഴാം സ്ഥാനവും കേരളത്തിൽ രണ്ടാം സ്ഥാനത്തുമുള്ള വെള്ളച്ചാട്ടമാണ് മീൻമുട്ടി.
Source link


