വാട്സാപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഇനി നമ്പർ രഹസ്യം, സ്വകാര്യത ഇരട്ടിയാക്കി പുത്തൻ അപ്ഡേറ്റ്

വാട്സാപ്പിലെ പുതിയ ഫീച്ചർ (പ്രതീകാത്മക ചിത്രം)
സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇവരിൽ 99 ശതമാനവും വാട്സാപ്പ് ഉപയോഗിക്കുന്നവരാണ്. വളരെ സുരക്ഷിതമായി സന്ദേശങ്ങൾ അയക്കാനുള്ള ആപ്പാണെങ്കിൽ പോലും സ്വകാര്യ ഫോൺ നമ്പർ ഷെയർ ചെയ്യണമെന്നതാണ് വാട്സാപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു ഗ്രൂപ്പിൽ ആഡ് ആകുമ്പോൾ അതിൽ ഉൾപ്പെടുന്ന എല്ലാവർക്കും നമ്പറുകൾ പരസ്പരം കാണാൻ സാധിക്കും. ഇത് പലപ്പോഴും സുരക്ഷാ വെല്ലുവിളിയായി മാറാറുണ്ട്.
ഇപ്പോഴിതാ ഇതിനെല്ലാം ഒരു പരിഹാര മാർഗവുമായി എത്തിയിരിക്കുകയാണ് വാട്സാപ്പ്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന മാറ്റമാണ് വരാൻ പോകുന്ന അപ്ഡേറ്റിലൂടെ ലഭിക്കുന്നത്. കുടുംബവുമായോ സുഹൃത്തുക്കളുമായോ ബിസിനസ് കാര്യങ്ങൾക്കായോ ഇനിമുതൽ ആരുമായും ചാറ്റ് ചെയ്യാൻ നിങ്ങളുടെ ഫോൺ നമ്പർ പങ്കിടേണ്ടതില്ല. വാട്സാപ്പ് ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് വരാൻ പോകുന്ന പുതിയ അപ്ഡേറ്റിലൂടെ ഈ സൗകര്യം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ഫോൺ നമ്പറിന് പകരം നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഒരു ഉപയോക്തൃനാമം (username) തിരഞ്ഞെടുക്കാൻ സാധിക്കും. പുതിയ അപ്ഡേറ്റ് വരുന്നതോടെ നിങ്ങളെ ഏതെങ്കിലും ഗ്രൂപ്പുകളിൽ ആഡ് ചെയ്താൽ മറ്റ് അംഗങ്ങൾക്ക് നിങ്ങളുടെ ഫോൺ നമ്പറിന് പകരം ഈ ഉപഭോക്തൃനാമമാകും കാണാൻ സാധിക്കുക.
നിലവിൽ മൂന്ന് ബില്യണിലധികം ആളുകളാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. മെറ്റയുടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പോലെ ഒരു പേരിൽ ഒരു ഉപയോക്തൃനാമം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. വരും മാസങ്ങളിൽ നിങ്ങൾക്ക് ഉപയോക്തൃനാമം റിസർവ് ചെയ്യാവുന്നതാണ്. ഓരോ രാജ്യത്തും ഈ സേവനം ലഭ്യമാകുമ്പോൾ അവിടുത്തെ ഉപയോക്താക്കൾക്ക് കമ്പനി അറിയിപ്പ് നൽകുന്നതാണ്. അതേസമയം, സോഷ്യൽ മീഡിയ ക്രിയേറ്റർമാർ, ചെറുകിട ബിസിനസ് നടത്തുന്നവർ തുടങ്ങിയവർക്ക് ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ഇതിനകം ഉപയോഗിക്കുന്ന ഉപയോക്തൃനാമങ്ങൾ വാട്സാപ്പിലും ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കി.
RELATED TOPICS: META WHATSAPP, WHATSAPP USRNAME, WHATSAPP USERNAME, WHATSAPP SECURITY, TECH NEWS, WHATSAPP PRIVACY, INSTANT MESSAGING
Source link


