NEWS
‘കാൻസർ രോഗിക്ക് മരുന്നു മാറി നൽകി, ബോധം നഷ്ടപ്പെട്ടു’; പരാതിയുമായി കുടുംബം

നാദാപുരം ∙ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാൻസർ രോഗിക്കു മരുന്നു മാറി നൽകിയതായും തുടർന്നു ബോധം നഷ്ടപ്പെട്ടതായും പരാതി. തന്റെ പിതാവ് കല്ലാച്ചി വിഷ്ണുമംഗലം തെക്കേമീത്തലെകണ്ടി ചന്ദ്രനു (71) മരുന്നു മാറി നൽകിയതായി മുടവന്തേരി പാലേള്ളതിൽ പി.ഗാന ചന്ദ്രനാണു താലൂക്ക് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകിയത്. കാൻസറിനു ചികിത്സയിൽ കഴിയുന്ന ചന്ദ്രനെ മെഡിക്കൽ കോളജിൽ നിന്നു റഫർ ചെയ്തതിനെ തുടർന്നാണു 16ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഗാന ചന്ദ്രന്റെ ആരോപണം ഇൻജക്‌ഷൻ വഴി മരുന്നു നൽകാനാണു മെഡിക്കൽ കോളജ് ആശുപ്രതിയിൽ നിന്നു നിർദേശിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച അച്ഛന് ഉറക്കഗുളികയാണു നൽകിയത്. തുടർന്നു ക്ഷീണം വർധിക്കുകയും നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ഭക്ഷണം കഴിക്കാതെയായി. തിങ്കളാഴ്ചയോടെ ബോധമില്ലാതായി. അച്ഛന് ഉറക്കഗുളിക നൽകേണ്ട കാര്യമില്ലെന്നും ആശുപത്രിയിലെ മറ്റൊരു രോഗിയായ ചന്ദ്രനു നൽകേണ്ട ഉറക്കഗുളിക മാറി നൽകിയതല്ലേയെന്നു ഡോക്ടർമാരോടും മറ്റും ആവർത്തിച്ചു ചോദിച്ചിട്ടും നടപടിയുണ്ടായില്ല. മരുന്നു കുറിച്ച ഡോക്ടർ വരട്ടെയെന്നായിരുന്നു മറുപടി. ഇന്നലെ ഡോക്ടർ വന്നശേഷമാണു ഡിസ്ചാർജ് വാങ്ങി മെഡിക്കൽ കോളജിലെത്തിച്ചത്. നിലവിൽ ന്യുമോണിയ ബാധിച്ചിട്ടുണ്ട്. പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും ഗാന പറഞ്ഞു.
Source link


