BUSINESS

പുരപ്പുറത്ത് സോളർ വയ്ക്കാൻ വൻ തിരക്ക്; 125% കുതിപ്പ്, മോദിയുടെ സൂര്യഘർ പദ്ധതി കേരളത്തിലും സൂപ്പർ ഹിറ്റ്


ഇന്ത്യക്കാർക്ക് പെട്ടെന്ന് സോളറിനോടുള്ള പ്രേമം കൂടിയോ? ഇക്കൊല്ലം ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ രാജ്യത്തു പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണത്തിൽ 125 ശതമാനം വർധന. ഇത് റെക്കോർഡാണ്. വീടുകളിൽ സോളർ സ്ഥാപിക്കുന്നത് വർധിച്ചതാണ് പ്രധാന കാരണം. ഇതിനു തൊട്ടുമുൻപുള്ള പാദത്തിൽ 2.2 ജിഗാവാട്ട് ശേഷിയാണ് പുരപ്പുറ സോളറിൽ കൂട്ടിച്ചേർക്കപ്പെട്ടത്. 2025 ജനുവരി – മാർച്ച് മാസം കൂട്ടിച്ചേർക്കപ്പെട്ടത് 1.2 ഗിഗാ വാട്ട് മാത്രം. എന്നാൽ ഇക്കുറിയിത് എല്ലാ റെക്കോർഡുകളും മറികടന്ന് 2.7 ഗിഗാ വാട്ടിലെത്തിയെന്ന് മെർകോം ഇന്ത്യ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. ഒന്നാം പാദത്തിൽ സ്ഥാപിക്കപ്പെട്ട സോളർ പ്ലാന്റുകളിൽ 82 ശതമാനവും വീടുകൾക്ക് വേണ്ടിയുള്ളതായിരുന്നു. കേന്ദ്ര-സംസ്ഥാന പദ്ധതികൾ വഴി സബ്സിഡി ലഭിക്കുന്നതും നടപടികൾ ലളിതമായതുമാണ് എണ്ണം കൂടാനുള്ള കാരണം. വ്യവസായിക, വാണിജ്യ മേഖലകളിൽ നിന്നുള്ളതാണ് ബാക്കി. ഏറ്റവും കൂടുതൽ സോളർ പാനലുകൾ സ്ഥാപിച്ചത് മഹാരാഷ്ട്രയിലാണ്. ആകെ കൂട്ടിച്ചേർക്കപ്പെട്ട പുരപ്പുറ സോളർ പാനലുകളിൽ 17 ശതമാനവും മഹാരാഷ്ട്രയിലാണ്. 16 ശതമാനവുമായി ഉത്തർപ്രദേശും 15 ശതമാനവുമായി ഗുജറാത്തും തൊട്ടുപിന്നിലുണ്ട്. സോളർ സ്ഥാപിക്കുന്നതിൽ മുൻ വർഷത്തേക്കാൾ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ സംസ്ഥാനം അസം ആണ്. 2025ലെ ആദ്യ പാദത്തേക്കാൾ ഇക്കുറി 40 ശതമാനമാണ് വളർച്ച. രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശ്.പിഎം സൂര്യഘർ പദ്ധതി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത് ഉത്തർപ്രദേശുകാരാണെന്നും റിപ്പോർട്ട് തുടരുന്നു. 10 ലക്ഷം അപേക്ഷകളാണ് ഉത്തർപ്രദേശിൽ നിന്നു മാത്രം ലഭിച്ചത്. രാജ്യത്ത് ആകെ ലഭിച്ച അപേക്ഷകളുടെ 14 ശതമാനമാണിത്. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ശേഷം ആറു ലക്ഷത്തിനു മുകളിൽ പുരപ്പുറ സോളർ യൂണിറ്റുകൾ സ്ഥാപിച്ച സംസ്ഥാനമെന്ന റെക്കോർഡിലെത്താനും ഉത്തർ പ്രദേശിനു കഴിഞ്ഞു. ഇക്കൊല്ലം മാർച്ചോടെ രാജ്യത്തെ പുരപ്പുറ സോളർ പ്ലാന്റുകളുടെ ആകെ ശേഷി 23.5 ഗിഗാ വാട്ടിലെത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇത് 27.88 ഗിഗാവാട്ടാണ്. രാജ്യത്തെ ആകെ സോളർ സ്ഥാപിത ശേഷി 157.05 ജിഗാ വാട്ട് ആണെന്നും സർക്കാർ കണക്ക്. ലോകത്തിൽ തന്നെ മൂന്നാമതാണിത്. സൂര്യഘർ: മുൻനിരയിൽ കേരളംകേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ഇതുവരെയുള്ള കണക്കുപ്രകാരം കേരളത്തിൽ നിന്ന് പിഎം സൂര്യ ഘർ പദ്ധതിയിലേക്ക് 3.85 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 2.77 ലക്ഷം വീടുകൾ പുരപ്പുറ സോളർ വൈദ്യുതിയിൽ പ്രകാശിക്കുന്നു. 1053 മെഗാവാട്ട് ആണ് ഇതിന്റെ സംയോജിതശേഷി. ഇതിനകം സബ്സിഡിയായി സംസ്ഥാനത്ത് 1846 കോടി രൂപയും വിതരണം ചെയ്തു. ഇൻസ്റ്റലേഷൻ ശേഷിയിൽ രാജ്യത്ത് ഏറ്റവും മുൻനിരയിൽ കേരളവുമുണ്ട്. പിഎം ശ്രീ പദ്ധതിയ്ക്കു പുറമെയുള്ളതു കൂടി പരിഗണിച്ചാൽ മേയ് 31ലെ കണക്കുകൾ പ്രകാരം കേരളത്തിന് 2036.50 മെഗാ വാട്ട് പുരപ്പുറ സോളാർ വൈദ്യുതി ശേഷിയാണുള്ളത്.


Source link

Back to top button