LIFESTYLE

‘ആരോഗ്യകരമായ മനസിനും മെച്ചപ്പെട്ട ജീവിതത്തിനും യോഗ’: ഡോ.അനുജ കൃഷ്ണൻ

പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാദിനം നാളെ ആഘോഷിക്കുകയാണ്. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം. ശാരീരിക ക്ഷമതയും മനസികാരോഗ്യവും ലക്ഷ്യമിട്ട് കോടിക്കണക്കിനാളുകളാണ് ദൈനംദിന ജീവിതത്തിൽ യോഗ പരിശീലിക്കുന്നത്. ഓരോ വ്യക്തിയും യോഗ ശീലമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോ.അനുജ കൃഷ്ണൻ (ഹോമിയോപ്പതിക് കൺസൾട്ടന്റ് , യോഗ തെറാപ്പിസ്റ്റ്, എൻഎച്ച്എം മുൻ മെഡിക്കൽ ഓഫീസർ ) കേരളാകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

ചിന്തകളെ നിയന്ത്രിക്കാനും സ്വഭാവരൂപികരണത്തിനും തുടങ്ങി നിരവധി രോഗാവസ്ഥയിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനും യോഗ സഹായകരമാണ്. അമിത കോപം, ചില കാര്യങ്ങളോടുള്ള അമിത താൽപര്യം എന്നിവ നിയന്ത്രിക്കാനും യോഗ ശീലമാക്കുന്നതിലൂടെ സാധിക്കും. വാർദ്ധക്യത്തിലുണ്ടാകുന്ന ഒറ്റപ്പെടൽ ഒരുപരിധിവരെ പരിഹരിക്കുന്നതിനും കുട്ടികളിലുണ്ടാകുന്ന ഹൈപ്പർ ആക്ടിവിറ്റി കുറച്ച് ഏകാഗ്രത കൂട്ടുന്നതിനും യോഗയ്ക്ക് കഴിയും. ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡറുകളായ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, എഡിഎച്ച്ഡി. പഠനവൈകല്യങ്ങൾ തുടങ്ങിയ അവസ്ഥകളുള്ളവർ യോഗ അഭ്യസിക്കുന്നത് ഏറെ ഗുണം ചെയ്യും.

യോഗ തെറാപ്പി
വിദഗ്ധരുടെ കൃത്യമായ നിരീക്ഷണത്തോടെ പരിശീലിപ്പിക്കുന്ന യോഗ രീതിയാണ് ഇത്. ഒരു വ്യക്തിയുടെ ശാരീരിക-മാനസികാവസ്ഥയ്ക് അനുയോജ്യമായി തിരഞ്ഞെടുത്ത യോഗാസനങ്ങളും പ്രാണായാമങ്ങളും ഉൾപ്പെടുത്തി ചെയുന്നതിനെയാണ് യോഗാ തെറാപ്പി എന്ന് പറയുന്നത്. പ്രായഭേദമന്യേ ഇത് പരിശീലിക്കൻ സാധിക്കും. രോഗശാന്തിക്കും മാനസിക ഉന്മേഷത്തിനും ഇത് ഏറെ ഗുണം ചെയ്യും.

യോഗ ആർക്കൊക്കെ പരിശീലിക്കാം

യോഗയ്ക്ക് പ്രായം ഒരു തടസമല്ല എന്നാൽ ഓരോ വ്യക്തിയും അവരവരുടെ ശാരീരിക-മാനസിക അവസ്ഥകൾക്ക് ഇണങ്ങുന്ന രീതി മാത്രമേ തിരഞ്ഞെടുക്കാവൂ. യോഗ ഒരിക്കലും ഒരു വ്യയാമം അല്ല. യോഗയുടെ സത്ത ശ്വാസനിയന്ത്രണം ആണ്. അതിൽ എത്രത്തോളം വിജയിക്കാൻ കഴിയുന്നുവോ അത്രയും ഒരു വ്യക്തിക്ക് അയാളുടെ മനസിനെയും ശരീരത്തെയും സ്വയം നിയന്ത്രിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. സൂര്യനമസ്കാരം ചെയ്യേണ്ട രീതിയിൽ പോലും വ്യത്യാസങ്ങളുണ്ട്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ഒരാളും തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സമാധാനം ആഗ്രഹിക്കുന്ന ഒരാളും ഒരേ രീതിയിലല്ല യോഗ ചെയേണ്ടത്.

യോഗ ചെയേണ്ട രീതി
ഓരോ യോഗാസനവും കഴിഞ്ഞ് ഇടവേള എടുത്ത് ശരീരം തിരികെ സാധാരണാവസ്ഥയിൽ എത്തിച്ചതിനുശേഷം മാത്രമേ അടുത്തത് ചെയാൻപാടുള്ളു. യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. പേശികളിലും സന്ധികളിലും വേദന അനുഭവപ്പെട്ടാൽ യോഗ തുടരാൻ പാടില്ല. ആവശ്യമായ വിശ്രമത്തിനുശേഷം മാത്രമേ തുടർന്ന് യോഗ ചെയ്യാവൂ. ജിമ്മിൽ പോയി വ്യായാമം ചെയ്യുമ്പോൾ അനുഭവപ്പെടുന്നതുപോലെയുള്ള വേദനകൾ യോഗയിൽ ഉണ്ടാകാറില്ല. രാവിലെ എഴുന്നേറ്ര് വെറുംവയറ്റിൽ യോഗ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. അല്ലെങ്കിൽ ഭക്ഷണം കഴിച്ച് നാല് മണിക്കൂറിനുശേഷവും യോഗ ചെയ്യാം. വജ്രാസനം ആഹാരത്തിന് ശേഷവും ചെയ്യാൻ കഴിയുന്നതാണ്.

യോഗ ചെയ്യാൻ പാടില്ലാത്തത് ആർക്കൊക്കെ

എല്ലാ വ്യക്തികളും ഒരേ രീതിയിലല്ല യോഗ പരിശീലിക്കേണ്ടത്. രക്ത സമ്മർദ്ദം കൂടിയ ആളുകൾ എല്ലാ യോഗാസനങ്ങളും ചെയാൻ പാടില്ല. ശീർഷാസനം, സർവംഗാസനം, വിപരീത കരണി പോലെയുള്ള തല താഴേക്ക് വരുന്ന യോഗാസനങ്ങൾ ഡോക്ടറിന്റെ നിർദേശപ്രകാരം മാത്രമേ ഇവർ ചെയ്യാൻപാടുള്ളൂ. ഗർഭിണികൾ ഗർഭകാലത്തിന്റെ ആദ്യ മൂന്ന് മാസങ്ങളും അവസാന മാസങ്ങളിലും ചില യോഗാസനങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. അവരുടെ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഗർഭകാലത്ത് യോഗ അഭ്യസിക്കേണ്ടത്.

ഓൺലൈൻ യോഗ ക്ലാസുകളും ആധുനിക സാങ്കേതിക വിദ്യയും

തിരക്കിട്ട ജീവിതത്തിൽ ഓൺലൈൻ യോഗാ ക്ലാസുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. എന്നാൽ യോഗാസനങ്ങൾ ചെയ്യുമ്പോൾ പോസ്ച്ചർ ശരിയാണോയെന്ന് ഉറപ്പാക്കുന്നതിന് പരിമിതികളുണ്ട്. ഇത് പരിഹരിക്കുന്നതിനായി പുതിയ രീതികൾ അവലംബിക്കുന്നുണ്ട്. യോഗ പരിശീലിക്കുന്ന മാറ്റിൽ തന്നെ സെൻസറുകൾ ഘടിപ്പിക്കാനും സ്മാർട്ട് വാച്ചുകളിൽ ഹൃദയ സ്പന്ദനം ഉൾപ്പെടെ മനസിലാക്കാനും കഴിയുന്ന തരത്തിലേക്കുള്ള രീതികൾ ഉടനെ ആരംഭിക്കും. ഇതിലൂടെ ഓൺലൈൻ ക്ലാസുകൾ കൂടുതൽ ഫലപ്രദമാക്കാൻ സാധിക്കും.

ഹോമിയോപ്പതിയും യോഗാതെറാപ്പിയും

പ്രായമായവരിൽ ഹോമയോപ്പതി ചികിത്സാ രീതിയും യോഗയും ഒരുമിച്ച് ചെയ്തപ്പോൾ പേശികളിലെ മുറുക്കം ഒരു പരിധി വരെ ഇല്ലാതാക്കാനും മുട്ടുവേദന കുറയക്കാനും സാധിച്ചിച്ചിരുന്നു. ഇത്തവണത്തെ ഔദ്യോഗിക പ്രമേയം തന്നെ ആരോഗ്യകരമായ വാർദ്ധക്യത്തിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ചാണ്.

മാത്രമല്ല,​ വീട്ടുജോലിക്കിടയിലും ഓഫീസിലെ തിരക്കുകൾക്കിടയിലും ചെയ്യാൻ കഴിയുന്ന ലഘുവായ യോഗാ രീതികളുണ്ട്. ഇത് ചെയ്യുന്നതിലൂടെ കഴുത്ത് വേദന,​ നടു വേദന എന്നിവ പൂർണമായും മാറ്റാൻ സാധിക്കും. യോഗ പരിശീലിക്കുന്നതിലൂടെ ആരോഗ്യകരമായ മനസും മെച്ചപ്പെട്ട ജീവിതവും എല്ലാവർക്കും സ്വന്തമാക്കാൻ കഴിയും.
RELATED TOPICS: HEALTH, LIFESTYLE HEALTH, INTERNATIONAL YOGA DAY, JUNE 21, YOGA BENEFITS, DR ANUJA KRISHNAN


Source link

Back to top button