SPORTS

ലങ്കൻ താരത്തെ പിടിച്ചുതള്ളി: വൈഭവ് സൂര്യവംശിയ്‌ക്കെതിരെ കടുത്ത നടപടി?


ധാംബുള്ള∙ സൂപ്പർ ഓവറിലേക്ക് നീണ്ട ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യ എ– ശ്രീലങ്ക എ ആവേശപ്പോരാട്ടത്തിനു പിന്നാലെ ലങ്കൻ താരങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും പിടിച്ചു തള്ളുകയും ചെയ്‌ത ഇന്ത്യൻ താരം വൈഭവ് സൂര്യവംശിയ്‌ക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ വൈഭവ് സൂര്യവംശിക്ക് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴ ചുമത്താൻ മാച്ച് റഫറി പ്രദീപ് ജയപ്രകാശ് ശുപാർശ ചെയ്‌തതായാണ് റിപ്പോർട്ടുകൾ. ഇന്ത്യ എ ടീം ക്യാപ്റ്റൻ തിലക് വർമ്മക്ക് 30 ശതമാനം പിഴ ചുമത്താനും ശുപാർശ ചെയ്തിട്ടുണ്ട്. എ ടീം മത്സരങ്ങളിൽ ഐസിസി പിഴകളോ വിലക്കുകളോ ചുമത്താത്തതിനാൽ, മാച്ച് റഫറിയുടെ ശുപാർശകൾ ബിസിസിഐക്കും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനും കൈമാറി. ശുപാർശ അംഗീകരിച്ച് നടപടിയെടുക്കണോ എന്നതിൽ ഇരു ബോർഡുകളും ചേർന്നു തീരുമാനമെടുക്കും. വിജയാഹ്ലാദത്തിനിടെ ലങ്കൻ താരങ്ങൾ പ്രകോപനപരമായി സംസാരിച്ചതാണ് വൈഭവിനെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വൈഭവും സൂര്യാംശ് ശെഡ്ഗെയും പവലിയനിലേക്ക് മടങ്ങുന്നതിനിടെ രണ്ടു ലങ്കൻ താരങ്ങൾ (ജഴ്‌സി നമ്പർ 76, ജഴ്‌സി നമ്പർ 5) ഇരുവരോടും എന്തോ പറയുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. തുടർന്ന്, വൈഭവ് ദേഷ്യത്തോടെ സൂപ്പർ ഓവറിൽ പന്തെറിഞ്ഞ കുഗതാസ് മാതുലനു നേരെ കുതിക്കുന്നതും, അദ്ദേഹത്തിന്റെ സഹതാരങ്ങളിൽ ഒരാളായ വിഷേൻ ഹലംബഗെ ഇടയിൽ കയറുന്നതും ടിവി ക്യാമറകൾ പകർത്തി. ക്രിക്ബസ് റിപ്പോർട്ട് പ്രകാരം, വൈഭവിനോട് ഹലംബഗെ ‘‘മത്സരം കഴിഞ്ഞു… ഇനി നീ വീട്ടിൽ പോ…’’ എന്ന് പറഞ്ഞതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഹലംബഗെയെ വൈഭവ് തള്ളിമാറ്റിയപ്പോൾ ലങ്കയുടെ രാജ്യാന്തര താരമായ നിരോഷൻ ധിക്‌വെല്ല ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.


Source link

Back to top button