NEWS
കോൾഡ് വാറിലെ താരം, ആണവായുധം വഹിക്കും; യുഎസ് ബോംബറിനു പിന്നാലെ റഷ്യൻ വിമാനവും തകർന്നു വീണു

മോസ്കോ∙ സൈബീരിയയിലെ ഇർകുത്സ്ക് മേഖലയിൽ പരിശീലന പറക്കലിനിടെ റഷ്യയുടെ യുദ്ധവിമാനമായ ടിയു-22എം3 തകർന്നുവീണു. വിമാനം കുത്തനെ താഴേക്ക് പതിക്കുകയും വൻതോതിൽ പുക ഉയരുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. യുഎസ് ബോംബറായ ബി-52 തകർന്നു വീണ ദിവസം തന്നെയാണ് റഷ്യൻ വിമാനവും തകർന്നത്. ശീതയുദ്ധ കാലത്താണ് (കോൾഡ് വാർ) ഇരു വിമാനങ്ങളും വികസിപ്പിച്ചത്.നാശനഷ്ടങ്ങളൊന്നുമില്ലെന്നും ടിയു-22എം3 വിമാനം യുദ്ധസാമഗ്രികളില്ലാതെയാണ് പറന്നിരുന്നതെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കമൻക ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നുവീണതെന്ന് ഇർകുത്സ്ക് ഗവർണർ ഇഗോർ കോബ്സേവ് പറഞ്ഞു. എൻജിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Source link


