NEWS

ജന്മദിന കേക്കിലെ ലോഹ കമ്പികൾ അബദ്ധത്തിൽ വിഴുങ്ങി 3 വയസ്സുകാരൻ; വെളിപ്പെടുത്തലുമായി യുവതി


താനെ ∙ ജന്മദിന കേക്കിലെ അലങ്കാരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച രണ്ട് ലോഹ കമ്പികൾ അബദ്ധത്തിൽ വിഴുങ്ങി 3 വയസ്സുകാരൻ. മകന്റെ ജന്മദിന കേക്ക് ജീവിതത്തിലെ ഏറ്റവും വലിയ പേടിസ്വപ്നമായി മാറിയെന്ന് പരാമർശിച്ച് അമ്മ സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ബന്ധുക്കൾക്കെല്ലാം പങ്കെടുക്കാനുള്ള സൗകര്യം മാനിച്ച് കുട്ടിയുടെ ജന്മദിനത്തിന് തലേന്ന് മേയ് 31 ന് നടത്തിയ ആഘോഷത്തിനിടെയാണ് സംഭവം. സ്വർണനിറത്തിലുള്ള ബോളിങ് പിന്നുകളുള്ള കേക്ക് ഒരു പ്രാദേശിക ബേക്കറിയിൽ നിന്നാണ് മാതാപിതാക്കൾ വാങ്ങിയത്. ലോഹ കമ്പികളിൽ ഘടിപ്പിരുന്ന ബോളിങ് പിന്നുകൾ കുട്ടി കഴിച്ചു. കുട്ടിയുടെ കൂടെ തന്നെ കേക്ക് കഴിച്ച രണ്ടു മുതിർന്ന കുട്ടികൾ കൂടി ലോഹ കമ്പികൾ കടിച്ചതിനെ തുടർന്നാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്. ബേക്കറി ഉടമകളെ ഫോണിൽ ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ കേക്കിലെ അലങ്കാരങ്ങൾക്ക് ലോഹ കമ്പികൾ ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കുട്ടിയെ താനെയിലെ ആശുപത്രിയിൽ എത്തിച്ച് എടുത്ത എക്സ് റേയിൽ ചെറുകുടലിൽ കമ്പികൾ കണ്ടെത്തി. ഉടനെ ശസ്ത്രക്രിയ വേണ്ടെന്ന് നിർദേശിച്ച ഡോക്ടർമാർ കുട്ടിയെ നിരീക്ഷണത്തിലാക്കി. അടുത്ത ദിവസം യാതൊരു പരുക്കും ഏൽക്കാതെ ലോഹ കമ്പികൾ ശരീരത്തിൽ നിന്ന് സ്വാഭാവികമായി പുറത്തായെന്ന് കുടുംബം പറഞ്ഞു.


Source link

Back to top button