ജനത്തിന്റെ തിരുത്തൽ, തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ക്ഷീണം, നില മെച്ചപ്പെട്ട എൽ.ഡി.എഫിന് ആശ്വാസം

തിരുവനന്തപുരം: ജനം ഇരുകൈ നീട്ടി സ്വീകരിക്കും. വല്ലാതെ പ്രതീക്ഷിക്കും. തെറ്റിയാൽ കൈയോടെ പണിയും കൊടുക്കും. 38 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് നൽകുന്ന പാഠമിതാണ്. തിരുത്തൽ കൂടിയേ തീരൂവെന്ന മുന്നറിയിപ്പും.
102 സീറ്റോടെ അധികാരത്തിലേറി അഞ്ചാം മാസം കിട്ടിയത് ചെറിയ ഷോക്കല്ല. യു.ഡി.എഫിന്റെ സീറ്റുകൾ 22ൽ നിന്ന് 19 ആയി കുറഞ്ഞു. ഏഴ് സിറ്റിംഗ് എം.എൽ.എമാരുടെ വാർഡുകളിൽ രണ്ടെണ്ണം ഇടത്തോട്ടുപോയി. അഞ്ചിടത്ത് ഭൂരിപക്ഷം കുത്തനേ ഇടിഞ്ഞു. എൽ.ഡി.എഫാകട്ടെ 15 സീറ്റുകൾ 18 ആയി ഉയർത്തി. എം.എൽ.എ വാർഡ് നിലനിറുത്താനുമായി. ഫലം യു.ഡി.എഫിനെ ഞെട്ടിച്ചെങ്കിൽ, സി.പി.എമ്മിന് ലഭിച്ചത് അപ്രതീക്ഷിത ആശ്വാസം. യു.ഡി.എഫിന് 7 സീറ്റ് നഷ്ടമായി. നാലു സീറ്റുകൾ പിടിച്ചെടുത്തു. ഇടതുമുന്നണി 7സീറ്റ് പിടിച്ചു. നാലു സീറ്റ് നഷ്ടമായി. എൻ.ഡി.എ ഏക സീറ്റ് നിലനിറുത്തി.
പ്രിയദർശിനി യാത്രാസൗജന്യവും ഓണക്കാലത്തെ പഞ്ഞമില്ലായ്മയും ജനത്തെ സന്തോഷിപ്പിച്ചു. പക്ഷേ, വൈദ്യുതി പ്രതിസന്ധിയും ഇരിപ്പുറപ്പിക്കും മുമ്പേ മന്ത്രിമാരുടെ ഉല്ലാസയാത്രയുമൊക്കെ നെഗറ്റീവ് മാർക്കായി.
2025ൽ കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ യു.ഡി.എഫിലെ വിനുജോബ് 743 വോട്ടുകൾക്കാണ് ജയിച്ചത്. വിനു ചങ്ങനാശേരിയിൽ നിന്ന് അസംബ്ളിയിലെത്തിയ ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ എൽ.ഡി.എഫിലെ മഞ്ജു സുജിത്തിന് ലഭിച്ചത് 2140 വോട്ടിന്റെ വൻ ഭൂരിപക്ഷം. പാലക്കാട് ചിറ്റൂർ നഗരസഭയിലേക്ക് സുമേഷ് അച്യുതൻ ജയിച്ച പരുത്തിക്കാവ് വാർഡിലെ ഇടതു വിജയവും യു.ഡി.എഫിന് ക്ഷീണമായി.
കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡിൽ 2273 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2025ൽ ലീഗിന്റെ ഫാത്തിമ തെഹ്ലിയ ജയിച്ചത്. അവിടെ ഇപ്പോൾ ഭൂരിപക്ഷം 436 എന്ന സംഖ്യയിലേക്ക് ചുരുങ്ങി. വയനാട് മാനന്തവാടി ബ്ളോക്ക് പള്ളിക്കൽ ഡിവിഷനിൽ ഉഷ വിജയന് 1055 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയ സ്ഥാനത്ത് ഇപ്പോൾ യു.ഡി.എഫ് ജയം വെറും 331 വോട്ടിന്. രമ്യാഹരിദാസിന്റെ മണ്ഡലമായ ചിറയിൻകീഴിലുൾപ്പെട്ട അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽ.ഡി.എഫ് അട്ടിമറി ജയം നേടി. പാർട്ടിക്കുള്ളിൽ നടന്ന വിവാദ കൈയാങ്കളിക്ക് വോട്ടർമാർ നൽകിയ മറുപടിയാണിത്.
ജില്ലയിലും ബ്ളോക്കിലും
ഇടതു മേൽക്കൈ
മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകളിൽ ഇടതുമുന്നണി രണ്ടും യു.ഡി.എഫ് ഒന്നും നേടി. 7 ബ്ലോക്ക് വാർഡുകളിൽ ഇടതുമുന്നണി അഞ്ചും യു.ഡി.എഫ് ഒന്നും നേടി. 23ഗ്രാമപഞ്ചായത്ത് വാർഡുകളിൽ എൽ.ഡി.എഫ് 7, യു.ഡി.എഫ് 13. മൂന്ന് മുനിസിപ്പൽ വാർഡുകളിൽ എൽ.ഡി.എഫ് രണ്ട്, യു.ഡി.എഫ് ഒന്ന്. രണ്ട് കോർപ്പറേഷൻ വാർഡുകളും യു.ഡി.എഫ് നിലനിറുത്തി.
അതൃപ്തിക്ക് കാരണം
1. അനിശ്ചിതമായി നീളുന്ന പവർ കട്ട്
2. മന്ത്രിമാരുടെ നിലയ്ക്കാത്ത പര്യടനം, വെറുപ്പിക്കുന്ന ന്യായീകരണം
3. ധാർഷ്ട്യത്തിന്റെ പേരിൽ പിണറായിയെ കുറ്റപ്പെടുത്തിയവരും അതേപാതയിലാണോയെന്ന സംശയം
4. പി.എം ശ്രീ, ഹെലിക്കോപ്റ്റർ, വിമാന യാത്രകളിൽ ഇരട്ടത്താപ്പ്
5. പുനഃസംഘന, ബോർഡ് വിഭജനം ഉൾപ്പെടെ വിഷയങ്ങളിൽ പാർട്ടക്കുള്ളിൽ അതൃപ്തി




