NEWS
വയനാട്ടിൽ 5 കുട്ടികൾക്കു കൂടി ഷിഗെല്ല; രോഗബാധിതരുടെ എണ്ണം എട്ടായി

കൽപറ്റ ∙ വയനാട് ജില്ലയിൽ അഞ്ചു കുട്ടികൾക്കു കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച വരെ മൂന്നു പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയിലെ സ്കൂളും പരിസര പ്രദേശവും സന്ദർശിച്ചു. രോഗവ്യാപനം തടയാനും ഉള്ള നിർദേശങ്ങൾ സംഘം നൽകി. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ രോഗ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും നേരിട്ടുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രദേശത്ത് ഊർജിതമായി നടന്നു വരികയാണ്.നെന്മേനി പഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ആൾക്കൂട്ടങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവിട്ടു. പഞ്ചായത്ത് പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും ബുധനാഴ്ച മുതൽ ഏഴു ദിവസത്തേക്ക് താൽക്കാലിക ചന്തകൾ, റാലികൾ എന്നിവ പരമാവധി ഒഴിവാക്കണം. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും പരമാവധി ഒഴിവാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ കഴിവതും ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിവെള്ള ആവശ്യത്തിനു ഉപയോഗിക്കാവൂ.
Source link


