AUTO

ഈ ഊബര്‍ വിളിച്ചാല്‍ ഇനി ‘ഡ്രിഫ്റ്റ്’ ചെയ്യാം; നിരത്തിലൂടെ തെന്നിപ്പറക്കാന്‍ ‘ഊബര്‍ ഡ്രിഫ്റ്റ്’


ജപ്പാനിലെ തെരുവുകളിലൂടെ സ്‌പോര്‍ട്‌സ് കാറുകള്‍ ഡ്രിഫ്റ്റ് ചെയ്ത് നീങ്ങുന്നത് സിനിമയില്‍ മാത്രമല്ല പല വൈറല്‍ വിഡിയോകളിലും കാര്‍ പ്രേമികള്‍ കണ്ടിരിക്കും. ടോക്കിയോയിലെ തെരുവുകളിലൂടെ സിനിമയെ വെല്ലുന്ന രീതിയില്‍ തെന്നിപ്പാഞ്ഞു പോവാനുള്ള അവസരമാണ് ഊബര്‍ അവതരിപ്പിക്കുന്നത്.. ഗോ എനിവെയര്‍ എന്ന പരമ്പരയില്‍ ഏറ്റവും പുതിയ ആകര്‍ഷണമായ ഊബര്‍ ഡ്രിഫ്റ്റ് ജപ്പാനിലെ ടോക്കിയോയിലാണ് കമ്പനി എത്തിച്ചിരിക്കുന്നത്. ഏഷ്യ പെസഫിക്ക് മേഖലയില്‍ ആദ്യമായാണ് ഊബര്‍ ഇത്തരം വേറിട്ട അനുഭവം സമ്മാനിക്കാനൊരുങ്ങുന്നത്.ജപ്പാന്റെ സവിശേഷമായ കാര്‍ സംസ്‌ക്കാരത്തെ അടുത്തറിയുകയെന്ന ലക്ഷ്യത്തില്‍ കൂടിയാണ് ഊബര്‍ ഡ്രിഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ടോക്കിയോയില്‍ നിന്നും ആരംഭിക്കുന്ന പകുതി ദിവസത്തെ പാക്കേജാണ് ഊബര്‍ ഡ്രിഫ്റ്റ് വഴി ലഭിക്കുക. താമസസ്ഥലത്ത് എത്തുന്ന ആഡംബര സൗകര്യങ്ങളുള്ള ഊബര്‍ ബ്ലാക്ക് വാനില്‍ യാത്ര തുടങ്ങും. ഈ യാത്രക്കൊടുവില്‍ പ്രസിദ്ധണായ മൊബാര ട്വിന്‍ സര്‍ക്യൂട്ട് റേസിങ് ട്രാക്കിലാണ് എത്തിച്ചേരുക.പ്രൊഫഷണല്‍ ഫോര്‍മുല ഡ്രിഫ്റ്റ് ഡ്രൈവര്‍മാര്‍ക്കൊപ്പം ട്രാക്കില്‍ അതിവേഗം ഡ്രിഫ്റ്റിനുള്ള അവസരം തുടര്‍ന്ന് അതിഥികള്‍ക്ക് ലഭിക്കും. ജപ്പാന്റെ അഭിമാനങ്ങളായ നിസാന്‍ സില്‍വിയ എസ്15, നിസാന്‍ 180 എസ്എക്‌സ് എന്നിങ്ങനെയുള്ള ഐതിഹാസിക കാറുകളിലായിരിക്കും ഡ്രിഫ്റ്റിങ് നടത്തുക. പാസഞ്ചര്‍ സീറ്റിലിരുന്ന് ഒന്നര മണിക്കൂറോളം ഡ്രിഫ്റ്റിങിന്റെ ആവേശവും വേഗതയും അനുഭവിക്കാനാവും. പൂര്‍ണമായും റേസിങ് ട്രാക്കിലാവും ഈ സാഹസിക വിനോദമെന്നതും അതിഥികളുടെ സുരക്ഷ ഉറപ്പിക്കാന്‍ സഹായിക്കും.ഊബര്‍ ഡ്രിഫ്റ്റിനായുള്ള ബുക്കിങ് 27 മുതല്‍ ആരംഭിച്ചു കഴിഞ്ഞു. 2026 ജൂണ്‍ മൂന്നു മുതല്‍ ജൂലൈ ഒന്നു വരെയാണ് ഊബര്‍ ഡ്രിഫ്റ്റ് നടക്കുക. ഒന്നു മുതല്‍ നാലു പേര്‍ വരെയുള്ള ഒരു ഗ്രൂപ്പിന് 30,000 ജാപ്പനീസ് യെന്‍(ഏകദേശം 18,000 രൂപ) ആണ് ഈടാക്കുന്നത്. ഒരു ദിവസം നാലു ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ഡ്രിഫ്റ്റിങ് ആസ്വദിക്കാന്‍ അവസരമുണ്ടാവുക.ഊബര്‍ ആപ്പിലെ ഊബര്‍ ഡ്രിഫ്റ്റ് ബട്ടണ്‍ തെരഞ്ഞെടുത്ത് ബുക്കിങ് നടത്താനാവും. തിയതിയയും സമയവും യാത്രികരുടെ എണ്ണവും നല്‍കി പിക്ക് അപ്, ഡ്രോപ്പ് ഓഫ് വിവരങ്ങള്‍ കൂടി നല്‍കുന്നതോടെ ബുക്കിങ് പൂര്‍ത്തിയാവും. ബുക്കിങ് സ്ഥിരീകരിച്ചുള്ള ഇമെയില്‍ വൈകാതെ ലഭിക്കുകയും ചെയ്യും. രാജ്യാന്തര തലത്തില്‍ തരംഗമായ ഊബര്‍ സഫാരി, ഊബര്‍ ബലൂണ്‍, ഊബര്‍ ബബിള്‍സ് എന്നിവക്ക് പിന്നാലെ പ്രാദേശിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് ഊബര്‍ ഡ്രിഫ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്.


Source link

Back to top button