test del 5 copy of del 3
പിഡബ്ല്യുഡി നന്നാക്കാത്ത റോഡ് സ്വന്തം ചെലവിൽ നന്നാക്കി ഓട്ടോ ബ്രദേഴ്സ്; ബിഗ് സല്യൂട്ട്!

കുമ്പനാട് ∙ ജംക്ഷനിലെ ഓട്ടോ ബ്രദേഴ്സിന് ഒരു ബിഗ് സല്യൂട്ട്. 5 വർഷമായി പൊതുമരാമത്ത് വകുപ്പ് ചെയ്യാതിരുന്ന ജോലി അവർ സ്വന്തം ചെലവിൽ ചെയ്തു. കുമ്പനാട് – ആറാട്ടുപുഴ റോഡുവശത്തു 100 മീറ്ററോളം കോൺക്രീറ്റ് ചെയ്തതോടെ കുഴിയായി കിടന്ന സ്ഥലം ഇപ്പോൾ റോഡ് നിരപ്പായി. ഇതോടെ ഓട്ടോസ്റ്റാൻഡ് മാത്രമല്ല സുരക്ഷിതമായത്. റോഡിൽ കയറ്റി ഓട്ടോകൾ ഇടുന്നതു മൂലമുണ്ടായ ഗതാഗതക്കുരുക്കിനും പരിഹാരമായി.എല്ലാ പരിമിതികളും മാറ്റിവച്ച് ഓട്ടോ ബ്രദേഴ്സ് ഒന്നിച്ച് റോഡുവശം കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ ആഴ്ച 50 മീറ്ററോളം ദൂരം കോൺക്രീറ്റ് ചെയ്തു. ഇന്നലെ ബാക്കി 50 മീറ്ററോളം കൂടി കോൺക്രീറ്റ് ചെയ്തു. നേരത്തേ കെട്ടിട നിർമാണ തൊഴിലിനു പോയിരുന്ന 2 ഓട്ടോ ഡ്രൈവർമാർ സിമന്റു കുഴയ്ക്കാനും മേസ്തിരിപ്പണിക്കും തയാറായി. കുമ്പനാട്ടെ ഏക ഓട്ടോസ്റ്റാൻഡാണിത്. ടികെ റോഡുവശത്ത് ടൗണിൽ വീതി കുറവായതു കാരണം ഓട്ടോകൾ പാർക്കു ചെയ്യുന്നതിനു സ്ഥലമില്ല. മാത്രമല്ല ഓട്ടോസ്റ്റാൻഡ് ടികെ റോഡിൽ വന്നാൽ അതു സ്ഥിരമായ ഗതാഗത കുരുക്കിനു കാരണമാകും. ഇതോടെയാണ് ഓട്ടോക്കാർ സ്വയം കുമ്പനാട് – ആറാട്ടുപുഴ റോഡുവശം തിരഞ്ഞെടുത്തത്. 50 ഓളം ഓട്ടോറിക്ഷകളാണ് ഇവിടെയുള്ളത്.
Source link


