test del 5 copy of del 3

ദേശീയപാത നിർമാണം: വളപട്ടണം പുഴയിൽ മണൽഖനനം തുടങ്ങി; കരയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു


പാപ്പിനിശ്ശേരി ∙ ദേശീയപാത നിർമാണത്തിനായി വളപട്ടണം പുഴയിൽ നിന്നു മണൽഖനനം തുടങ്ങുമ്പോഴേക്കും തുരുത്തി പ്രദേശം കരയിടിച്ചിൽ ഭീഷണിയിലായി. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി ഉന്നതിയുടെ സമീപം പുഴയിൽ യന്ത്രങ്ങളെത്തിച്ചു പരീക്ഷണ ഖനനം നടത്തിയിരുന്നു. അപ്പോഴേക്കും കരയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. കരയിടിച്ചിൽ തടയാ‍ൻ മുൻപ് നിർമിച്ച കരിങ്കൽ ഭിത്തിയും തകർന്ന നിലയിലാണുള്ളത്. നൂറുകണക്കിന് കുടുംബങ്ങൾ കഴിയുന്ന പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി ഉന്നതിയുടെ സമീപം ഖനനം നടത്തുന്നത് പ്രദേശവാസികളുടെ സുരക്ഷയ്ക്ക് കൂടി ഭീഷണിയായി. ഇതിനിടയിൽ യന്ത്രങ്ങൾ ഉപയോഗിച്ചു പുഴയിൽ നിന്നും മണലൂറ്റി സംസ്കരിക്കുന്നത് ഒരു പ്രദേശത്തേക്ക് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നു സമരസമിതി പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ ദിവസം ഖനനത്തിനായി മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തിയ നിർമാണ കരാർ തൊഴിലാളികളെ പട്ടികജാതി ക്ഷേമസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്നു തടഞ്ഞിരുന്നു. പാപ്പിനിശ്ശേരി പാറക്കൽ ബോട്ടുജെട്ടിക്ക് സമീപം 1200 മീറ്റർ ദൂരപരിധിയിൽ ഡ്രജിങ് നടത്താനാണ് നിർമാണ കരാറുകാരായ വിശ്വസമുദ്ര കമ്പനി അധികൃതർക്ക് അനുമതി ലഭിച്ചത്.


Source link

Back to top button