‘ലാലേട്ടൻ എന്റെ കയ്യിൽ പിടിച്ച് ഓടി, അതെനിക്ക് ഇപ്പോഴും ഓർമയുണ്ട്’; യോദ്ധാ ഷൂട്ടിനിടെ നടന്ന അനുഭവം പങ്കുവച്ച് മധുബാല

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നാണ് മോഹൻലാൽ നായകനായെത്തിയ ‘യോദ്ധാ’. മധുബാലയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ‘കുനു കുനെ ചെറു കുറുനിരകൾ’ എന്ന പാട്ട് ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് മധുബാല.
മദ്യപാന സംഘത്തിനിടയിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ മോഹൻലാൽ തന്നെ രക്ഷപ്പെടുത്തിയെന്നാണ് മധുബാലയുടെ വെളിപ്പെടുത്തൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ചിന്ന ചിന്ന ആസൈ’യുടെ പ്രൊമോഷന്റെ ഭാഗമായി പേർളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”മാർക്കറ്റ് പരിസരത്തുള്ള എല്ലാ ആളുകളും ഒരു ആറ് മണിയാകുമ്പോൾ മദ്യപിക്കും. പഗോഡയുടെ മുകളിലാണ് അന്ന് ഡാൻസിന്റെ ഷൂട്ട്. അവിടേയ്ക്ക് ഒരുസംഘം മദ്യപാനികൾ എത്തിയെന്നും അപകടം മനസിലായ ലാലേട്ടനും സന്തോഷ് ശിവന്റെ അസിസ്റ്റന്റ് ബിജോയ്യും എന്റെ കയ്യിൽ പിടിച്ചു പഗോഡയുടെ സ്റ്റെപ്പിൽ നിന്ന് ചാടി. ആ ആൾക്കൂട്ടത്തിന് നടുവിൽ കാർ ഞങ്ങളെ കാത്തു കിടക്കുവായിരുന്നു. ഞങ്ങളെ കാറിൽ കയറ്റി അവർ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഒരു തരത്തിലും നിയന്ത്രിക്കാൻ പറ്റാത്തത്ര തിരക്കായിരുന്നു. ഞാനും ഡാൻസേഴ്സായ എട്ട് പെൺകുട്ടികളുമുണ്ടായിരുന്നു. ഞങ്ങളെല്ലാവരും കൂടി പൊലീസ് സ്റ്റേഷനിലേക്ക് പോയി. അതെനിക്ക് ഇപ്പോഴും ഓർമയുണ്ട്.” – മധുബാല പറഞ്ഞു.
മദ്യപിച്ചെത്തിയ അത്രയും ആൾക്കൂട്ടത്തിന് നടുവിലൂടെയാണ് ലാലേട്ടനും ബിജോയ്യും തന്റെ കയ്യിൽ പിടിച്ച് ഓടിയതെന്നും ഒരാൾ പോലും തന്നെ സ്പർശിച്ചില്ലെന്നും അവർ ഓർത്തെടുത്തു. ജീവിതത്തിൽ ഒരിക്കലും മറയ്ക്കാൻ കഴിയാത്ത അനുഭവമാണതെന്നും മധുബാല പറഞ്ഞു.
Source link


