NATIIONAL

ട്രാവിസ് ഹെഡ് മുതൽ സഞ്ജുവരെ ആർക്കും സാധിച്ചിട്ടില്ല; നാലു പന്തിൽ രണ്ടു തവണ ബുമ്രയെ വിറപ്പിച്ച സൂര്യവംശി


ഗുവാഹത്തി ∙ സഞ്ജു സാംസൺ, അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ശുഭ്മൻ ഗിൽ, നിക്കൊളാസ് പുരാൻ… ട്വന്റി20 ക്രിക്കറ്റിൽ ജസ്പ്രീത് ബുമ്രയ്ക്കെതിരെ നാളിതുവരെ ഒരു സിക്സർ പോലും നേടാനാകാത്ത പവർ ഹിറ്റർമാരുടെ പട്ടിക ഇങ്ങനെ നീളുന്നു. ലോകോത്തര ബാറ്റർമാരുടെയെല്ലാം പേടി സ്വപ്നമായ ബുമ്രയെ ഐപിഎലിൽ ആദ്യമായി നേരിട്ട പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി, ആദ്യ ഓവറിൽതന്നെ പറത്തിയത് 2 സിക്സുകൾ! ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ ബുമ്ര പന്തെറിയാനെത്തിയപ്പോൾ സ്ട്രൈക്കേഴ്സ് എൻഡിൽ വൈഭവ്. എറൗണ്ട് ദ് വിക്കറ്റിൽനിന്നുള്ള ആദ്യ പന്തുതന്നെ ലോങ് ഓണിൽ സിക്സർ പറത്തിയായിരുന്നു വരവേൽപ്. വിളറിയ ചിരിയുമായി ബോളിങ് മാർക്കിലേക്ക് തിരിച്ചുനടന്ന ബുമ്രയെ വൈഭവ് തീർത്തും നിരാശനാക്കിയത് നാലാം പന്തിലാണ്. ഓഫ് സ്റ്റംപിന് പുറത്തേക്കെത്തിയ ബുമ്രയുടെ സ്ലോബോൾ, ഡീപ് സ്ക്വയർ ലെഗിലെ ഗാലറിയിലെത്തിച്ച വൈഭവ്, തന്റെ പ്രതിഭയ്ക്ക് തിളക്കം കൂടുതലാണെന്നു വീണ്ടും തെളിയിച്ചു.ബുമ്രയെ വിറപ്പിച്ച് വൈഭവ് നൽകിയ മിന്നൽ തുടക്കമാണ് രാജസ്ഥാന്റെ സ്കോറിങ് അനായാസമാക്കിയതെന്ന് യശസ്വി ജയ്സ്വാൾ മത്സരശേഷം പറഞ്ഞു.


Source link

Back to top button