NEWS

കാർഷിക യൂണി. വി.സി നിയമനം: നിയമത്തിലെ പഴുത് മുതലാക്കി ഗവർണർ

തിരുവനന്തപുരം: കാർഷിക സർവകലാശാലാ താത്കാലിക വൈസ്ചാൻസലർ നിയമനത്തിൽ ഗവർണർ മുതലെടുത്തത് സർവകലാശാലാ നിയമത്തിലെ പഴുത്. വകുപ്പ്-27പ്രകാരം താത്കാലിക വി.സി നിയമനത്തിന് പ്രോ ചാൻസലറായ കൃഷിമന്ത്രിയുമായി ഗവർണർ കൂടിയാലോചന നടത്തിയാൽ മതി. മന്ത്രിയുടെ ശുപാർശയോ പാനലോ സ്വീകരിക്കണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ല.

പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിനെ കൃഷി വകുപ്പിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് മാറ്റിയതിന് പിന്നാലെ മന്ത്രി ടി.സിദ്ധിഖ് ഗവർണറെ കണ്ട് വെള്ളായണി കാർഷിക കോളേജിലെ കോൺഗ്രസ് യൂണിയൻ നേതാവായ പ്രൊഫസറെ താത്കാലിക വി.സിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഗവർണറുടെ പരിശോധനയിൽ ഇദ്ദേഹം മാർച്ച് 27ന് വിരമിക്കുകയാണെന്ന് കണ്ടെത്തി. സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവ‌ർണർ സ്വന്തംനിലയിൽ ശേഖരിച്ചു. വിരമിക്കാൻ രണ്ടു വ‌ർഷമുള്ള, സീനിയറായ ഡോ.സജിതാ റാണിയെ ഇതിൽ നിന്നാണ് നിയമിച്ചത്. ബി.ജെ.പിയുടെ അദ്ധ്യാപക പരിഷത്തിന്റെ നേതാവാണ് ഡോ.സജിതയെന്നതും അവർക്ക് അനുകൂലമായി.

സർവകലാശാലാ നിയമ പ്രകാരം ചാൻസലർക്ക് മന്ത്രിയുമായി കൂടിയാലോചിച്ച് സ്വന്തമായി നടപടികളെടുക്കാം. കോൺഗ്രസ് യൂണിയൻ നേതാവിനെ വി.സിയാക്കാൻ മന്ത്രി നിർദ്ദേശിച്ചത് കൂടിയാലോചനയായി വ്യാഖ്യാനിച്ചു. സ്ഥിരം വൈസ്ചാൻസല‌ർ നിയമനത്തിനുള്ള ഗവർണറുടെ വിജ്ഞാപനത്തിന് നേരത്തേ സർക്കാർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. കൃഷി മന്ത്രി കൂടിക്കാഴ്ചയൊഴിവാക്കി, മന്ത്രിസഭയുടെ ശുപാർശയെന്ന രീതിയിൽ പാനൽ നൽകിയിരുന്നെങ്കിൽ ഗവർണർക്കെതിരേ നിയമ പോരിന് സർക്കാരിന് അവസരം കിട്ടുമായിരുന്നു.

സർക്കാരിന്റെ

പിടി അയയും

സർവകലാശാലാ ചട്ടപ്രകാരം വകുപ്പ് മേധാവി, ഡീൻ, ഹെഡ് ഒഫ് സ്റ്റേഷൻ ചുമതല നൽകേണ്ടത് വൈസ് ചാൻസലറാണ്

സർവകലാശാലാ ജനറൽ കൗൺസിലിലേക്ക് നിയോഗിക്കേണ്ട 11അംഗങ്ങളുടെ പട്ടികയിലും സർക്കാരിന് താത്പര്യമുള്ളവരുണ്ടാവണമെന്നില്ല. ബി.ജെ.പിയോട് അനുഭാവമുള്ളവരാകാം പുതിയ സെനറ്റിൽ

എട്ട് ക്യാമ്പസുകളും നിരവധി പ്രാദേശിക കേന്ദ്രങ്ങളുമുള്ള സർവകലാശാലയിൽ സർക്കാരിന്റെ താത്പര്യങ്ങൾ നടപ്പാക്കുക ഇനി അസാദ്ധ്യമാവും.


Source link
NEWS

Back to top button