NEWS

ഹയർ സെക്കൻഡറി : അദ്ധ്യാപകരില്ലാതെ 3000 തസ്തികകൾ

ആലപ്പുഴ: ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തതിനാൽ ഹയർ സെക്കൻഡറി പഠനം അവതാളത്തിൽ. മൂവായിരത്തോളം അദ്ധ്യാപക തസ്തികകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ പി.എസ്.സി നിയമനമില്ലാത്തതും ,ഭിന്നശേഷി നിയമനത്തിലെ സാങ്കേതിക പ്രശ്നങ്ങളും ,എയ്ഡഡ് സ്കൂളുകളിൽ വേതന അംഗീകാരത്തിലെ കാലതാമസവുമാണ് അദ്ധ്യാപക ക്ഷാമത്തിന് കാരണം.

ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥാനക്കയറ്റമാണ് ഇത്രയധികം ഒഴിവുകൾക്ക് കാരണമായത്. താത്കാലിക അദ്ധ്യാപകരെ നിയമിക്കുകയാണ് നിലവിലെ പോംവഴി.പ്ളസ് ടു ക്ളാസുകൾ ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും താത്കാലിക അദ്ധ്യാപക നിയമനത്തിനുള്ള നടപടികൾ പൂർത്തിയായില്ല.നിലവിലെ അദ്ധ്യാപകരെ സെൻസസ്, സേ പരീക്ഷ, പുനർ മൂല്യനിർണയം തുടങ്ങിയവയ്ക്ക് കൂടി നിയോഗിച്ചതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി. പ്ളസ് വൺ പ്രവേശനം പൂർത്തിയാക്കി ജൂലായ് 6ന് ക്ളാസുകൾ ആരംഭിക്കേണ്ടതാണ്. അധിക ജോലികൾ കണക്കിലെടുത്ത് ഈ ആഴ്ച ആരംഭിക്കാനിരുന്ന അദ്ധ്യാപക പരിശീലനം മാറ്റി വച്ചു.പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റിലെ എച്ച് .എസ്.എസ് സീനിയർ അഡ്മ‌ിനിസ്ട്രേറ്റീവ് ഓഫീസറാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടത്. ഈ തസ്തികയിലുണ്ടായിരുന്നയാൾ മേയ് 29ന് ചുമതലയൊഴിഞ്ഞു. പകരം നിയമനമായില്ല.

അദ്ധ്യാപകർക്കുള്ള സെൻസസ് ഡ്യൂട്ടി നാളെ ആരംഭിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ 80 ശതമാനത്തോളം അദ്ധ്യാപകരും ഇതിനായി വിട്ടുനിൽക്കേണ്ടിവരും. 600 വീടുകളാണ് ഒരാൾ ഒരു മാസത്തിനകം പൂർത്തിയാക്കേണ്ടത്. അതോടെ, സ്കൂളുകളുടെ പ്രവർത്തനം താളം തെറ്റും.

ഹയർ സെക്കൻഡറി

സ്കൂളുകൾ

സർക്കാർ…………………………………………….819

എയ്ഡഡ്…………………………………………….846

അൺ എയ്ഡഡ്………………………………….359

റസിഡൻഷ്യൽ, സ്പെഷ്യൽ, ടെക്നിക്കൽ……53

ആകെ………………………………………………. 2077

അദ്ധ്യാപകർ…..2950

ഒഴിവുകൾ…….. 3021

വിദ്യാർത്ഥികൾ… 7,41,284

‘ഒഴിവുള്ള തസ്തികകളിലേക്ക് താത്കാലിക അദ്ധ്യാപകരെ നിയമിക്കണം. എയ്ഡഡ് സ്കൂളിൽ നിയമിതരാകുന്ന ഗസ്റ്റ് അധ്യാപകർക്ക് ശമ്പളത്തിലെ കാലതാമസം ഒഴിവാക്കണം’.

-എസ്. മനോജ് ,

പ്രസിഡന്റ്,

എ.എച്ച്.എസ്.ടി.എ


Source link
NEWS

Back to top button