BUSINESS
വീട്ടിലുള്ള സ്വർണം വിറ്റ് കാശാക്കാൻ ഇന്ത്യക്കാരുടെ നെട്ടോട്ടം; പെട്ടെന്നുള്ള ആശങ്കയ്ക്ക് പിന്നിൽ മോദിയോ? അതോ വിലത്തകർച്ച പേടിയോ?

സ്വർണം വാങ്ങാൻ കൊതിച്ച ഇന്ത്യക്കാർ, കഴിഞ്ഞ മൂന്നുമാസമായി നടത്തുന്നത് സ്വർണത്തിന്റെ മറിച്ചുവിൽപന. എന്താണ് പെട്ടെന്നുള്ള ആശങ്കയ്ക്കും ഈ മറിച്ചുവിൽപനയ്ക്കും പിന്നിൽ? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോ അതോ സ്വർണവില കൂടുതൽ ഇടിയുമെന്ന പേടിയോ? കഴിഞ്ഞ 3 മാസത്തിനിടെ 50,000 കിലോഗ്രാം സ്വർണമാണ് മറിച്ചുവിറ്റത്. നിലവിലെ വിലപ്രകാരം ഏതാണ്ട് 65,600 കോടിയുടെ സ്വർണം. സ്വർണം വിൽക്കുന്നവരുടെ എണ്ണം 43 ശതമാനം വർധിച്ചെന്നും ഇന്ത്യ ബുള്ളിയൻ ജ്വല്ലേഴ്സ് അസോസിയേഷന്റെ കണക്ക്. സ്വർണവില അതിന്റെ റെക്കോർഡ് പിന്നിട്ടെന്നും ഇനി കുത്തനെ ഇടിയുമെന്നുമാണ് പലരും കരുതുന്നത്. ഇതോടെ പഴയതു മാറ്റി പുതിയ സ്വർണം വാങ്ങുന്നതിനു പകരം വിറ്റു പണമാക്കുന്നതാണ് പുതിയ ട്രെൻഡ്. പഴയ സ്വർണം എന്തുചെയ്യും?ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്ന സ്വർണം റീസൈക്കിൾ ചെയ്ത് പുതിയ ആഭരണമാക്കി വീണ്ടും വിപണിയിലെത്തുകയാണ് പതിവ്. 22 കാരറ്റുള്ള പഴയ സ്വർണം ഉരുക്കി 24 കാരറ്റിലേക്ക് മാറ്റുന്നതാണ് ആദ്യ പടി. പിന്നീട് ഇത് ജ്വല്ലറികൾക്കും ആഭരണ നിർമാണ കമ്പനികൾക്കും കൈമാറും. സ്വർണം വിൽക്കുന്നവരുടെ എണ്ണം കൂടിയതോടെ റീസൈക്ലിങ് മേഖലയ്ക്കും ഇപ്പോൾ നല്ലകാലമാണ്. ആഭരണമായി അണിയുന്നതിനൊപ്പം വില ഉയരുമ്പോൾ വിറ്റു കാശാക്കാനുള്ള സമ്പാദ്യം കൂടിയായി ആളുകൾ സ്വർണത്തെ കണ്ടതോടെ ഈ മേഖലയിലേക്ക് കൂടുതലായി സ്വർണം എത്തുന്നുണ്ട്. 2025ൽ 125-150 ടൺ വരെ സ്വർണമാണ് ഇത്തരത്തിൽ എത്തിയത്. നിലവിലെ ട്രെൻഡ് തുടർന്നാൽ ഇത് 200-250 ടൺ വരെ എത്തുമെന്നാണ് പ്രതീക്ഷ.അതേസമയം, ഈ ട്രെൻഡ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ മാറ്റമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു. ആഭരണമെന്ന പേരിൽ വീടുകളിലും ലോക്കറുകളിലും സ്വർണം വാങ്ങി സൂക്ഷിക്കുന്നതായിരുന്നു ഇന്ത്യക്കാരുടെ പതിവ്. ഏതാണ്ട് 25,000 ടൺ സ്വർണം ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലും ഉണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക്. എന്നാൽ ‘അസോച്ചം’ അടക്കമുള്ള ഏജൻസികളുടെ കണക്കിൽ ഇത് 50,000 ടണ്ണാണ്. ഇതിൽ രണ്ടു ശതമാനം സ്വർണമെങ്കിലും ഓരോ വർഷവും വിപണിയിലെത്തിയാൽ 2047 ആകുമ്പോൾ ഇന്ത്യയുടെ ജിഡിപിയിലേക്ക് 7.5 ലക്ഷം കോടി ഡോളർ അധികമായെത്തും. 2047ൽ ഇന്ത്യയുടെ ജിഡിപി 34 ലക്ഷം കോടി ഡോളറായിരിക്കുമെന്നാണ് ഏകദേശ കണക്ക്. സ്വർണത്തിൽ നിന്നുള്ള നേട്ടം കൂടിയാകുമ്പോൾ ഇത് 41.5 ലക്ഷം കോടി ഡോളറായി മാറുമെന്നും കണക്ക്. വിദേശനാണ്യത്തിലും ആശ്വാസംലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന് ആവശ്യമായ സ്വർണം നമ്മൾ കുഴിച്ചെടുക്കുന്നുമില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7240 കോടി ഡോളറിന്റെ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അടുത്തിടെ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതോടെ ഇറക്കുമതി ചെലവ് വർധിക്കുകയും വിദേശനാണ്യ ശേഖരത്തിൽ വലിയ കുറവുണ്ടാവുകയും ചെയ്തു. തുടർന്ന് ഒരു കൊല്ലത്തേക്ക് അനാവശ്യമായ സ്വർണം വാങ്ങൽ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. സ്വർണ റീസൈക്ലിങ് മികച്ച രീതിയിൽ നടന്നാൽ വിദേശനാണ്യ ശേഖരത്തിലും വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്.
Source link


