AUTO

പഴയ നഷ്ടം തീർക്കാൻ എണ്ണക്കമ്പനികൾ; ഇന്ധനവില കുറയണമെങ്കിൽ ജനങ്ങൾ ഇനിയും കാത്തിരിക്കണം


പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് കുതിച്ചുയരുന്ന ഇന്ധന വില കഴിഞ്ഞ ഏതാനും മാസങ്ങളായി നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം മാത്രം പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില നാലു തവണയാണ് കൂട്ടിയത്. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റമാണ് ഈ വിലവര്‍ധനവിന്റെ പ്രധാന കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ ക്രൂഡ്ഓയില്‍ വില താഴേക്കു വന്നിരിക്കുകയാണ്. എന്നിട്ടും അതിന്റെ പ്രയോജനം സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണക്കമ്പനികള്‍ ഇന്ധന വില കുറക്കാത്തതിനു പിന്നിലും അവര്‍ക്ക് കാരണങ്ങളുണ്ട്. ഇപ്പോള്‍ ഇറാന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില എത്തി നില്‍ക്കുന്നു. യുദ്ധ സമാനമായ സാഹചര്യത്തില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 120 ഡോളര്‍ വരെ എത്തിയിരുന്നത് ഇപ്പോള്‍ 70-72 ഡോളറിലേക്കാണ് കുറഞ്ഞിരിക്കുന്നത്. 40 ശതമാനത്തോളം വിലക്കുറവ് രാജ്യാന്തരവിപണിയിലുണ്ടായിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. ഇന്ത്യയിലെ ആഭ്യന്തര ഇന്ധനവില നിര്‍ണയിക്കുന്നത് രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയിലെ ദൈനംദിന വ്യത്യാസങ്ങള്‍ പരിഗണിച്ചല്ലെന്നതാണ് വില കുറക്കാത്തതിന് എണ്ണക്കമ്പനിള്‍ പറയുന്ന പ്രധാന ന്യായം. രണ്ട് ആഴ്ച്ചത്തെ അല്ലെങ്കില്‍ ഒരു മാസത്തെ ശരാശരി ക്രൂഡ് ഓയില്‍ വില കണക്കിലെടുത്താണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ എണ്ണ വില പുതുക്കാറുള്ളത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ എണ്ണവില കുതിച്ചുയര്‍ന്നപ്പോള്‍ മുഴുവന്‍ ഭാരവും സാധാരണ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ധനവില ഉയര്‍ന്ന നിരക്കില്‍ നിലനിര്‍ത്തുന്നതു വഴി കമ്പനികള്‍ക്ക് കൂടുതല്‍ ലാഭം ലഭിക്കുന്നുണ്ട്. വിപണിയില്‍ ഇനിയൊരു പ്രതിസന്ധിയോ വിലക്കയറ്റമോ ഉണ്ടാവുന്നതിന് മുന്‍പ് ഉണ്ടായ നഷ്ടങ്ങള്‍ മുഴുവന്‍ നികത്താനും സാമ്പത്തിക ഭദ്രത ഉറപ്പിക്കാനുമാണ് എണ്ണക്കമ്പനികള്‍ ഈ അവസരം ഉപയോഗിക്കുന്നത്. നിലവില്‍ രാജ്യത്തുടനീളമുള്ള പെട്രോള്‍ പമ്പുകളിലൂടെ വിറ്റഴിക്കുന്ന ഇന്ധനം വലിയ വിലകൊടുത്ത് വാങ്ങി സംഭരിച്ച ക്രൂഡ് ഓയിലില്‍ നിന്നുള്ളതാവാം എന്നതും വില കുറക്കാതിരിക്കാനുള്ള കാരണമാവുന്നുണ്ട്. അസംസ്‌കൃത എണ്ണയുടെ 88 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് വലിയ ആശ്വാസമാണ്. ക്രൂഡ് ഓില്‍ വില കുറഞ്ഞതോടെ രാജ്യത്തിന്റെ വാര്‍ഷിക എണ്ണ ഇറക്കുമതി ബില്ലില്‍ കോടിക്കണക്കിന് ഡോളറിന്റെ ലാഭമുണ്ടാവും. എണ്ണവില താഴുന്നത് അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിപ്പിക്കാനും സഹായിക്കും. എണ്ണവില കുറയുന്നതോടെ ഇതേ അളവില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് കുറഞ്ഞ അളവില്‍ ഡോളര്‍ ചെലവാക്കിയാല്‍ മതിയാവുമെന്നതാണ് ഇതിന്റെ കാരണം. വിദേശനാണ്യ കരുതല്‍ശേഖരം ഭദ്രമായിരിക്കാനും ഇത് വഴിയൊരുക്കും.


Source link

Back to top button