മുല്ലപ്പെരിയാർ: ഇരു സംസ്ഥാനങ്ങളുടെയും ആശങ്ക പരിഗണിക്കുമെന്ന് പാർലമെന്ററി സമിതി

മൂന്നാർ: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും ആവശ്യങ്ങളും ആശങ്കകളും ഒരു പോലെ ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി അദ്ധ്യക്ഷൻ രാജീവ് പ്രതാപ് റൂഡി എം.പി പറഞ്ഞു. മൂന്നാറിൽ നടന്ന കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വശത്ത് അണക്കെട്ടിന്റെ സുരക്ഷയും മറുവശത്ത് തമിഴ്നാടിന്റെ ജലലഭ്യതയുമാണ് ചർച്ചകളുടെ കേന്ദ്രബിന്ദു.
വിഷയം സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ളതിനാൽ പ്രത്യേക അഭിപ്രായപ്രകടനമില്ല. ഇരു സംസ്ഥാനങ്ങളുടെയും ആശങ്ക പൂർണ്ണമായി മനസിലാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 പാർലമെന്റ് അംഗങ്ങളാണ് പങ്കെടുത്തത്. സമിതിയുടെ ഇടുക്കി സന്ദർശനം ബുധനാഴ്ച അവസാനിക്കും. മുല്ലപ്പെരിയാർ അണക്കെട്ട് നേരിട്ട് സന്ദർശിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം സമിതി ഡൽഹിയിലേക്ക് മടങ്ങും. തമിഴ്നാട്, കേരള സർക്കാരുകൾ വിഷയത്തിൽ വിശദമായ അവതരണങ്ങൾ നടത്തി. ഇടുക്കി സബ് കളക്ടർ വി.എം.ആര്യ, രാജ്യസഭാംഗങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര പാർലമെന്ററി സമിതി അംഗങ്ങൾ, കേന്ദ്രസംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, ഇരു സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് പാർലമെന്റ് അംഗങ്ങൾ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ പ്രധാനം : ജെബി മേത്തർ എം.പി
തമിഴ്നാടുമായി ഒരു യുദ്ധത്തിനല്ല, മറിച്ച് ‘തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും’ എന്ന നിലപാടിൽ ഊന്നിയാണ് കേരളം ആവശ്യങ്ങൾ മുന്നോട്ട് വച്ചതെന്ന് യോഗത്തിൽ പങ്കെടുത്ത ജെബി മേത്തർ എം.പി പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യത്തോടൊപ്പം, 142 അടിയിൽ കൂടുതൽ വെള്ളമുയർത്താൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.പി പറഞ്ഞു.
Source link
NEWS


