NEWS

 സമസ്ത നൂറാം സ്ഥാപക ദിനാചരണം ഓർമ്മകൾക്കൊപ്പം വിതുമ്പി കാന്തപുരം

കോഴിക്കോട്:സമസ്ത സ്ഥാപകദിന സംഗമത്തിൽ കണ്ണീരണിഞ്ഞ് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ.1926 ജൂൺ 26ന് കോഴിക്കോട് ഖാസി സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ സമസ്ത രൂപീകൃതമായ അതേ വേദിയായ കോഴിക്കോട് ടൗൺഹാളിൽ നടത്തിയ സ്ഥാപകദിന സംഗമത്തിലാണ് ഓർമകൾ പങ്കുവെച്ച് കാന്തപുരം വിതുമ്പിയത്.’ ഒന്നായിരുന്ന കാലത്ത് അന്നത്തെ നേതാവ് ഇ.കെ.അബൂബക്കർ മുസ്ല്യാരാണ് എന്നോട് സംഘടനയിലേക്ക് വരാനാവശ്യപ്പെട്ടത്.അങ്ങിനെ സംഘടനയുടെ ഭാഗമായി.പിന്നീടെപ്പോഴോ ചിലർ ഞങ്ങളെ രണ്ടാക്കി.ഞങ്ങൾ അകന്നാൽ മാത്രമേ ഇവിടത്തെ പുത്തൻ ആശയക്കാരായ ചിലർക്ക് വളരാനാവുകയുള്ളൂ എന്ന തീരുമാനമായിരിക്കാം പിറകിൽ…’ ഇത്രയും പറഞ്ഞ് വിതുമ്പിയ കാന്തപുരം ഒരുനേരം നിശബ്ദനായി.

ഭാവിയിൽ ലീഗിനൊപ്പം നിലയുറപ്പിച്ച ഇ.കെ വിഭാഗവും ഇടത് അനുഭാവമുള്ള കാന്തപുരത്തിന്റെ എ.പി വിഭാഗവും തമ്മിലുള്ള കൂടിച്ചേരലിനുള്ള സൂചനയും കാന്തപുരത്തിന്റെ വാക്കുകളിലുണ്ട്.ഒരു നൂറ്റാണ്ട് മുമ്പ് ഇതേ കോഴിക്കോട് ടൗൺഹാളിൽ രൂപീകൃതമായ പ്രസ്ഥാനത്തിന്റെ ഇഖ്‌ലാസും (നിഷ്‌കളങ്കത) ഉദാത്തമായ ലക്ഷ്യബോധവുമാണ്,​നൂറു വർഷങ്ങൾക്കിപ്പുറവും അതേ ആദർശപാതയിൽ ഇങ്ങനെ ഒരുമിച്ചുകൂടാൻ തങ്ങൾക്ക് അവസരമൊരുക്കിയതെന്നും കാന്തപുരം ഓർമ്മിപ്പിച്ചു.സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു.


Source link
NEWS

Back to top button