NEWS
കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ഡോ. അച്യുത്ശങ്കർ ചുമതലയേറ്റു

തിരുവനന്തപുരം∙ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാനായി കേരള സർവകലാശാല ബയോഇൻഫർമാറ്റിക്സ് വിഭാഗം പ്രഫസറും മേധാവിയുമായിരുന്ന ഡോ. അച്യുത്ശങ്കർ ചുമതലയേറ്റു. ഡോ.രാജൻ ഗുരുക്കൾ രാജി വച്ച ഒഴിവിലാണു നിയമനം. തിരുവനന്തപുരം എൻജി.കോളജ്, ബോംബെ ഐഐടി എന്നിവിടങ്ങളിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക്, എംടെക് ബിരുദങ്ങൾ നേടിയ അച്യുത് ശങ്കർ കേംബ്രിജ് സർവകലാശാലയിൽനിന്ന് ബെർക്‌ലി സ്കോളറായി ഭാഷാ കംപ്യൂട്ടിങ്ങിൽ എംഎഫിൽ ബിരുദവും കേരള സർവകലാശാലയിൽനിന്നു എൻജിനീയിറങ്ങിലും സംഗീതത്തിലുമായി 2 പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. വിവിധ എൻജി. കോളജുകളിൽ അധ്യാപകനായിരുന്നു. 1995ൽ കേരള സർവകലാശാല കംപ്യൂട്ടർ വിഭാഗം അധ്യാപകനായി. സിഡിറ്റ് ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം, കേരള സർവകലാശാല ടെക്നോളജി വിഭാഗം ഡീൻ, ക്വാളിറ്റി അഷുറൻസ് ഡയറക്ടർ, ഇന്റർനാഷണൽ അക്കാദമിക്സ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായും പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ ബയോ ഇൻഫോർമാർറ്റിക്സ് വകുപ്പിന്റെ സ്ഥാപക മേധാവിയായി, ഇരുപതു വർഷത്തെ സേവനത്തിനു ശേഷം 2024 ൽ വിരമിച്ചു. മുപ്പതോളം പിഎച്ച്ഡി പ്രബന്ധങ്ങൾക്കു മേൽനോട്ടം നൽകി. നിർമിത ബുദ്ധി, ബയോഇൻഫർമാറ്റിക്‌സ് മേഖലകളിൽ ആയിരുന്നു ഗവേഷണം. ഇരുപത്തിയഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചിട്ടിട്ടുണ്ട്. ക “തരിപ്പ്” എന്ന ചരിത്ര നോവൽ, വഞ്ചിയൂരിന്റെ ദേശചരിത്രം, സ്വാതി തിരുനാളിന്റെ സംഗീതം, ഭാഷാവൃത്തങ്ങൾ, സ്ഥലനാമങ്ങൾ എന്നീ വിഷയങ്ങളിലും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
Source link


