NEWS

‘ഇന്ത്യൻ ജനാധിപത്യം നേരിട്ട വലിയ വെല്ലുവിളി’; ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയും


ന്യൂഡൽഹി ∙ ഒൻപതാം ക്ലാസിലെ സാമൂഹ്യപാഠം പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി. ‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുതിയ പാഠപുസ്തകത്തിലാണ് ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് എന്ന പേരിൽ അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് ഈ ഭാഗം കൂട്ടിച്ചേർത്തിരിക്കുന്നത്. ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയെക്കുറിച്ച് ഒരു പ്രത്യേക ഭാഗം ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണെന്ന് എൻസിഇആർടി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങളും അത് ജനാധിപത്യ അവകാശങ്ങളിൽ ഉണ്ടാക്കിയ ആഘാതവുമാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. പാഠപുസ്തകത്തിൽ പറയുന്നത് ഇങ്ങനെ: 1975-77 കാലഘട്ടത്തിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു. 1970 കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അതൃപ്തി പുകഞ്ഞിരുന്നു. വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, ഭരണപരാജയം എന്നിവ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി. തുടര്‍ന്ന്, ആഭ്യന്തര അസ്വസ്ഥതകൾ ചൂണ്ടിക്കാട്ടി 1975 ജൂണിൽ സർക്കാർ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


Source link

Back to top button