LATEST NEWS
ചക്കയിടാൻ എത്തിയതുകൊണ്ട് കെഎസ്എഫ്ഇയിലെ മോഷണ ശ്രമം അറിഞ്ഞു; വിഫലമായത് വൻ കവർച്ചയ്ക്കുള്ള ഒരുക്കം

തുറവൂർ ∙ കെഎസ്എഫ്ഇ എരമല്ലൂർ ശാഖയിലെ മോഷണ ശ്രമം പരാജയപ്പെടാൻ കാരണം കെട്ടിട ഉടമ യാദൃശ്ചികമായി വീട്ടിലെത്തിയത്. ഞായർ രാവിലെ പുരയിടത്തിലെ പ്ലാവിൽ നിന്നു ചക്കയിടാൻ ശ്രമിക്കുമ്പോഴാണു കെഎസ്എഫ്ഇ ശാഖയിലേക്ക് വീട്ടിലെ മീറ്ററിൽ നിന്നു കേബിൾ വലിച്ചത് ശ്രദ്ധയിൽപെട്ടത്. സമീപത്ത് ഒന്നിലധികം ബാങ്കുകൾ, സിനിമ തിയറ്റർ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന തിരക്കേറിയ സ്ഥലമാണിത്. കെഎസ്എഫ്ഇ ശാഖയുടെ പിന്നിൽ കാട് പിടിച്ച പ്രദേശമാണ്. ഇതിനോട് ചേർന്നാണ് ഉടമയുടെ താമസമില്ലാത്ത വീടും സ്ഥിതി ചെയ്യുന്നത്. ദിവസങ്ങളോളം നിരീക്ഷണം നടത്തിയതിന് ശേഷമാകും മോഷ്ടാക്കൾ അവധി ദിവസങ്ങളിൽ കെഎസ്എഫ്ഇ ശാഖയിൽ കൊള്ള നടത്താനുള്ള ശ്രമം തിരഞ്ഞെടുത്തതെന്ന് പൊലീസ് സംശയിക്കുന്നു.ദേശീയപാതയിൽ എരമല്ലൂർ ജംക്ഷന് തെക്കുഭാഗത്ത് പ്രവർത്തിക്കുന്ന ശാഖയിലാണ് ശനിയാഴ്ച രാത്രി മോഷണ ശ്രമം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ട് പൊളിച്ചെങ്കിലും ലോക്കർ തുറക്കാനായില്ല. സംഭവത്തിൽ ഒന്നിലധികം പേരുള്ളതായി പൊലീസ് സംശയിക്കുന്നു. കെഎസ്എഫ്ഇ ശാഖ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ ഉടമ വി.ഉത്തമനാണ് മോഷണ ശ്രമം ആദ്യം കാണുന്നത്. സമീപത്തുള്ള ഇദ്ദേഹത്തിന്റെ പഴയ വീട്ടിൽ നിന്നു കെഎസ്എഫ്ഇ കെട്ടിടത്തിലേക്ക് വൈദ്യുതി കേബിൾ വലിച്ചിരിക്കുന്നതും, കെട്ടിടത്തിലേക്ക് ഏണി ചാരി വച്ചിരിക്കുന്നതും കണ്ട് സംശയം തോന്നി കെഎസ്എഫ്ഇ അധികൃതരെ അറിയിച്ചു. തുടർന്ന് മാനേജരും ജീവനക്കാരുമെത്തി പരിശോധന നടത്തിയപ്പോഴാണു പൂട്ട് പൊളിച്ച നിലയിൽ കണ്ടത്.
Source link


