NEWS
അവർ സ്വയം അഡ്മിഷൻ നേടി, പിഎച്ച്‍ഡിക്കല്ല, ഒന്നാം ക്ലാസിൽ!; രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ സ്കൂളിലെത്തിയ 5 കുട്ടികൾക്കും പ്രവേശനം

മലക്കപ്പാറ ∙ മുതിർന്നവരുടെ കൈപിടിച്ച് സ്കൂളിന്റെ പടി കാണേണ്ട പ്രായത്തിൽ, പറഞ്ഞുകേട്ട അറിവുമായി വിദ്യാലയം തേടിയെത്തിയ 5 ആദിവാസി വിദ്യാർഥികളെയും സ്കൂളിൽ ചേർക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി അധികൃതർ.എഇഒ പി.ബി.നിഷയുടെ നിർദേശപ്രകാരമാണ് നടപടി. മാതാപിതാക്കൾ വനത്തിൽ ജോലിക്ക് പോകുന്നതിനാൽ അധ്യാപകരും, പിടിഎ പ്രസിഡന്റും ഇവരുടെ വീടുകളിൽ ചെന്ന് സ്കൂളിൽ ചേർക്കുന്നതിനുള്ള അപേക്ഷ ഒപ്പിട്ടു വാങ്ങി.മലക്കപ്പാറ ഗവ. യുപി സ്കൂളിലാണ് കഴിഞ്ഞ ദിവസം 7 വയസ്സുള്ള ‘മുതിർന്ന’ സഹോദരിയും, അവളുടെ കൈകളിൽ തൂങ്ങി ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കാൻ പ്രായമായ മറ്റു നാലു കുട്ടികളും സ്വയം അഡ്മിഷൻ എടുക്കാൻ എത്തിയത്. പഠിക്കാനുള്ള അതിയായ ആഗ്രഹവുമായി വന്നവരെ അധ്യാപകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.ഇന്നലെ രണ്ടാം ക്ലാസുകാരി നിമിലയുടെ അച്ഛൻ തമ്പിയാണ് സ്കൂളിൽ കൊണ്ടു വിട്ടത്. രാവിലെ 9ന് ക്ലാസ് തുടങ്ങുന്ന സ്കൂളിൽ ഇവർ എട്ടരയോടെ എത്തി. അധ്യാപകരും മറ്റു കുട്ടികളുമായി വേഗത്തിൽ ഇണങ്ങി.കഴിഞ്ഞ ദിവസം അധ്യാപകർ സമ്മാനിച്ച ബാഗും പുസ്തകങ്ങളും പുത്തനുടുപ്പും ധരിച്ചിരുന്നു.
Source link


