NEWS

കരാർ ഒപ്പുവച്ചു, തീരുമാനം നാളെ ഹൈക്കോടതിയില്‍; 60 വർഷം നീണ്ട മലയിടംതുരുത്ത് പര്യത്ത്കാവ് ഭൂമി പ്രശ്നത്തിന് ഒടുവിൽ പരിഹാരം


കൊച്ചി ∙ ആറു പതിറ്റാണ്ടു നീണ്ട കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ ഭൂമി തർക്കത്തിന് വിരാമം കുറിച്ച് ഒത്തുതീർപ്പ് കരാർ ഒപ്പുവച്ചു. ഇന്നു രാത്രി എറണാകുളം കലക്ട്രേറ്റിൽ വച്ചു നടന്ന അവസാന വട്ട ചർച്ചകൾക്കു ശേഷമാണ് ബന്ധപ്പെട്ട കക്ഷികൾ കരാറിൽ ഒപ്പുവച്ചത്. മലയിടുംതുരുത്ത് കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സമവായത്തിൽ എത്തിച്ചേർന്ന കാര്യം സർക്കാർ നാളെ ഹൈക്കോടതിയെ അറിയിക്കും. കുടിയൊഴിപ്പിക്കപ്പെടുന്ന പര്യത്ത്കാവിലെ ഏഴു ദളിത് കുടുംബങ്ങൾക്ക് നിലവില്‍ താമസിക്കുന്ന ഭൂമിയുടെ പിന്‍ഭാഗത്തായി 5 സെന്റ് വീതം ഭൂവുടമകളായ ശങ്കരൻ നായരുടെ കുടുംബം വിട്ടു നൽകും. ഈ സ്ഥലത്തേക്ക് റോഡിന് ആവശ്യമായ സ്ഥലവും ഉടമകൾ നൽകും. ഒരു വർഷത്തിനുള്ളിൽ 1000 ചതുരശ്ര അടിയിൽ കുറയാത്ത വീടുകൾ സ്പോൺസർഷിപ്പിലൂടെ സർക്കാർ നിർമിച്ചു നൽകും. വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നതു വരെ പര്യത്ത്കാവ് ഉന്നതിയിലെ വീട്ടുകാർക്ക് നിലവിലെ അവരുടെ വീടുകളിൽ തന്നെ കഴിയാം. നിലവിൽ ഇവർ താമസിക്കുന്ന സ്ഥലത്തു നിൽക്കന്ന മരങ്ങൾ മുറിച്ചെടുക്കാനും ഇവിടുത്തെ കുടുംബങ്ങൾക്ക് അവകാശമുണ്ട്. വീടുകളുടെ നിർമാണം അടക്കം എല്ലാ നടപടിക്രമങ്ങളുടെയും ഉത്തരവാദിത്തം മൂവാറ്റുപുഴ ആർഡിഒ, ഡിവൈഎസ്പി എന്നിവർക്കാണ്. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഏറെ നാളായി തുടരുന്ന സമരങ്ങളും മറ്റുമായി കോടതിയുടെ പരിഗണനയിലുള്ള എല്ലാ സിവിൽ, ക്രിമിനൽ കേസുകളും പരസ്പരം പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്.


Source link

Back to top button