FASHION

DIY ബ്യൂട്ടി ഹാക്കുകൾ; തലയോട്ടിയിലെ ചർമം പൊള്ളിയ അനുഭവം പങ്കുവച്ച് സോഹ അലിഖാൻ


സോഷ്യൽമീഡിയയിൽ ഒന്നു സ്‌ക്രോൾ ചെയ്താൽമതി, സൗന്ദര്യ സംരക്ഷണത്തിനായുള്ള പലവിധ DIY ഹാക്കുകൾ കിട്ടും. മുടി സംരക്ഷണം മുതൽ പാദങ്ങളുടെ പരിചരണത്തിനുവരെ അവിടെ പരിഹാരമുണ്ടാകും. ഇത്തരത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പല പരീക്ഷണങ്ങളും വൈറലാകാറുമുണ്ട്. എന്നാൽ അത്തരം വീട്ടുവൈദ്യം എല്ലാവർക്കും ഒരുപോലെ ഫലപ്രദമാകില്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് നടി സോഹ അലി ഖാൻ.താരത്തിന്റെ പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിൽ നടി കൃതിക കമ്രയും ഹെയർ സ്‌റ്റൈലിസ്റ്റ് യിയാനി സാപറ്റോറിയും അതിഥികളായെത്തിയിരുന്നു. ഹെയർ ഓയിലിങ്, ഹോംമെയ്ഡ് മാസ്‌ക്കുകൾ തുടങ്ങി മുടിസംരക്ഷണത്തിനായുള്ള DIY ഹാക്കുകളെപ്പറ്റിയുള്ള ചർച്ചയ്ക്കിടെയാണ് സോഹ തന്റെ അനുഭവം പങ്കുവെച്ചത്. “എല്ലാവർക്കും ഒരേ രീതിയിലുള്ള ഒരു പരിഹാരമില്ല. നമ്മുടെ മുടിയിലും തലയോട്ടിയിലും എന്താണ് ഉപയോഗിക്കുന്നത്, അത് എന്തിനാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം,” എന്ന് യിയാനി പറഞ്ഞു. മുട്ട ഉപയോഗിച്ചുള്ള ഹെയർ മാസ്‌കുകൾ പോലുള്ള സോഷ്യൽ മീഡിയ ട്രെൻഡുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ഇത് ശരിക്കും നിങ്ങളുടെ മുടിക്ക് ഗുണം ചെയ്യുന്നുണ്ടോ, അതോ ഒരു ട്രെൻഡ് ആയതുകൊണ്ടുമാത്രമോ ചെയ്യുന്നത്?” എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.ഇതിനിടെയാണ് സോഹ തന്റെ അനുഭവം പങ്കുവെച്ചത്. “ഞാൻ ഒരിക്കൽ ആപ്പിൾ സിഡർ വിനിഗർ തലയോട്ടിയിൽ അൽപം കൂടുതലായി ഉപയോഗിച്ചു. അതിനുശേഷം തലയോട്ടി ചുവന്നുപോയി. ചർമത്തിന്റെ ഒരു പാളി വരെ പൊള്ളിപ്പോയെന്നു തോന്നി,” സോഹ പറഞ്ഞു.ആപ്പിൾ സിഡർ വിനിഗർ മുടിക്ക് പൂർണമായും ദോഷകരമല്ല. പല ഷാംപുകളിലും ഇത് ഒരു ഘടകമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ ഗുണം ലഭിക്കൂ. അമ്ലസ്വഭാവമുള്ളതിനാൽ ഇത് നേരിട്ട് ഉപയോഗിക്കാതെ വെള്ളത്തിൽ കലർത്തിയാണ് ഉപയോഗിക്കേണ്ടത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു കപ്പ് വെള്ളത്തിൽ ഒന്നോ രണ്ടോ ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനിഗർ ചേർത്ത് ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്നതാണ് സുരക്ഷിതം.അല്ലാത്തപക്ഷം തലയോട്ടിയിലെ ചൊറിച്ചിൽ, വരൾച്ച, മുടിയുടെ നിറം മങ്ങുക, മുടി പൊട്ടുക തുടങ്ങിയ പ്രശ്‌നങ്ങൾക്കൊപ്പം ചിലരിൽ പൊള്ളലിനും കാരണമായേക്കാം. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമമുള്ളവർ, എക്‌സിമയോ സോറിയാസിസോ ഉള്ളവർ, അടുത്തിടെ മുടി ബ്ലീച്ച് ചെയ്തവർ, കളർ ചെയ്ത മുടിയുള്ളവർ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം.


Source link

Back to top button