NEWS

സാമൂഹ്യ പ്രവർത്തനം പാഠ്യഭാഗമാക്കണം

തിരുവനന്തപുരം: സാമൂഹ്യ പ്രവർത്തന സിലബസിൽ ദുരന്ത നിവാരണം പ്രധാന വിഷയമാക്കണമെന്ന് കേരള സർവകലാശാലയിലെ പഠനസംഘം ശുപാർശ ചെയ്തു. സാങ്കേതിക വിദ്യകളായ ജി.ഐ.എസും കമ്മ്യൂണി​റ്റി അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനവും വിദ്യാർത്ഥികളെ പഠിപ്പിക്കണം. അന്താരാഷ്ട്ര ജേർണലായ ഏഷ്യൻ സോഷ്യൽ വർക്ക് ആൻഡ് പോളിസി റിവ്യൂവിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യങ്ങളുള്ളത്. തിരുവനന്തപുരം ലയോള കോളേജിലെ ഡോ. ജോയിസ് കെ. ജോസഫ്, കേരള യൂണിവേഴ്സി​റ്റി ഹിസ്റ്ററി വിഭാഗം ലൈബ്രേറിയൻ രഞ്ജിത്ത് രഘുവരൻ, ജിയോളജി റിട്ട. പ്രൊഫസർ എ.പി. പ്രദീപ് കുമാർ എന്നിവരാണ് പഠനസംഘത്തിലുള്ളത്.

കാലാവസ്ഥ വ്യതിയാനം പോലെയുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ നയരൂപീകരണം, ഭരണം, സാമൂഹ്യനീതി എന്നിവയിൽ അധിഷ്ഠിതമായ ഇടപെടൽ അനിവാര്യമാണ്. ആഗോളതലത്തിൽ വർദ്ധിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പഠനം. ദുരന്ത നിവാരണത്തിന്റെ ലഘൂകരണം, തയ്യാറെടുപ്പ്, പ്രതികരണം, പുനരധിവാസം എന്നിവയിൽ സാമൂഹ്യ പ്രവർത്തകർക്ക് ഇടപെടാവുന്ന 100മേഖലകളും പഠനത്തിൽ കണ്ടെത്തി.


Source link
NEWS

Back to top button