NEWS

നിപ രോഗിക്ക് റെംഡെസിവിർ ഡോസ് നൽകി; സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മൂന്നുപേർ മരിച്ചെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 43കാരന് റെംഡെസിവിർ മരുന്നിന്റെ ആദ്യം ഡോസ് ഇന്ന് രാവിലെ നൽകിയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ബഹ്റെെനിൽ നിന്ന് ഇന്നലെയാണ് മരുന്ന് കോഴിക്കോട് എത്തിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിൽ തുടരുകയാണ്. രോഗിക്ക് ജൂൺ പത്ത് മുതൽ പ്രതിരോധ മരുന്നും 12-ാം തീയതി മുതൽ ആന്റിബോഡിയും നൽകിത്തുടങ്ങിയിരുന്നു. നിലവിൽ രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാ ഫലം പുറത്തുവന്നിട്ടുണ്ട്. എല്ലാം നെഗറ്റീവാണ്. സമ്പർക്കപ്പട്ടികയിൽ 44 ആരോഗ്യപ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ 30 പരിശോധനകൾ നടത്തിയിട്ടുണ്ട്. ചികിത്സയിലുള്ള രോഗിയുടേതൊഴികെ മറ്റെല്ലാവരുടെയും ഫലം നെഗറ്റീവാണ്. സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്. നിപ സ്ഥിരീകരിച്ച് രോഗിക്ക് മരുന്നില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം തന്നെ റിബാവറിൻ മരുന്ന് നൽകിയിരുന്നു.

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടർന്ന് മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് മരണങ്ങളും കോഴിക്കോട് ജില്ലയിലാണ്. മൂന്നാമത്തെ മരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 54 വയസുള്ള സ്ത്രീയാണ്. നിലവിൽ കേരളത്തിൽ 135 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഷിഗെല്ല ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. 68 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ഷിഗെല്ല പടരാതിരിക്കാനുള്ള മുൻകരുതലുകളും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്’- മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ആയിരുന്ന ഡോ. റീനക്കെതിരെ കടുത്ത ആരോപണങ്ങളാണ് മന്ത്രി ഉന്നയിച്ചത്. നിപ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ഡിഎച്ച്എസ് തന്നെ അത് മുൻകൂട്ടി അറിയിച്ചില്ലെന്നും മന്ത്രി ആരോപിച്ചു. അന്ന് വെെകിട്ട് 5.30ന് വാർത്താ സമ്മേളനം നടത്തുമ്പോൾ തനിക്ക് ഫലം ലഭിച്ചിരുന്നില്ല. എന്നാൽ തന്നോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഡിഎച്ച്എസിന് ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ റിസൾട്ട് വന്ന കാര്യം അറിയിക്കാമായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. പിന്നീട് ആറ് മണിയോടെയാണ് അവർ വിവരം പറയുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. ഡിഎച്ച്എസ് സർക്കാരുമായി പൂർണമായി സഹകരിച്ചില്ലെന്നും അതിനാലാണ് റീനയെ മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link
NEWS

Back to top button