BUSINESS

ട്രംപിന്റെ ‘ഇളവ്’ മുതലാക്കി ഇന്ത്യ, റഷ്യൻ ക്രൂഡോയിലിന്റെ ഇറക്കുമതി കൂടി, 30 ദിവസത്തെ ‘അനുമതി’ തീരുന്നു, ഇഷ്ടമുള്ളിടത്തു നിന്നു വാങ്ങുമെന്ന് കേന്ദ്രം


റഷ്യൻ ക്രൂഡോയിൽ ഇറക്കുമതിക്ക് യുഎസ് അനുവദിച്ച ഇളവ് മുതലാക്കി ഇന്ത്യൻ എണ്ണക്കമ്പനികൾ. മേയിൽ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വർധിച്ചെന്ന് കണക്ക്. കഴിഞ്ഞ മാസം 670 കോടി ഡോളറിന്റെ പെട്രോളിയം ഉൽപന്നങ്ങളാണ് ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നെത്തിച്ചതെന്നും യൂറോപ്യൻ ഗവേഷണ സ്ഥാപനമായ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എനർജിയുടെ (സെറ) റിപ്പോർട്ട്. റഷ്യൻ ക്രൂഡോയിൽ ഇറക്കുമതിയിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കണക്കുകൾ പുറത്തുവന്നതെന്നും ശ്രദ്ധേയം.ഇന്ത്യയുടെ ആകെ ക്രൂഡോയിൽ ഇറക്കുമതി തൊട്ടുമുൻപത്തെ മാസത്തേക്കാൾ മേയിൽ 8 ശതമാനം വർധിച്ചു.എന്നാൽ റഷ്യൻ ഇറക്കുമതിയിൽ 21 ശതമാനമാണ് വർധന. രാജ്യത്തെ പ്രധാന എണ്ണശുദ്ധീകരണ ശാലകളിൽ ഒന്നായ ഗുജറാത്ത് വാഡിനാറിൽ ഏപ്രിലിനേക്കാൾ 36 ശതമാനം അധിക റഷ്യൻ എണ്ണയെത്തി. സംസ്ഥാനത്തു തന്നെയുള്ള ജാംനഗർ ശുദ്ധീകരണശാലയിൽ 14 ശതമാനം അധിക എണ്ണയെത്തിയെന്നും കണക്ക്. യുഎസ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് ചില ഇന്ത്യൻ കമ്പനികൾ‍ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇവരും മാർച്ചിൽ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് പുനരാംരംഭിച്ചു. ഇത് കഴിഞ്ഞ മാസങ്ങളിൽ വർധിപ്പിക്കുകയും ചെയ്തു. വിശാശപട്ടണത്തേക്കുള്ള റഷ്യൻ ക്രൂഡ് മേയിൽ 42 ശതമാനം വർധിച്ചു. ന്യൂമാംഗ്ലൂരിലേക്കുള്ള റഷ്യൻ എണ്ണയിൽ 13 ശതമാനം വർധനയുണ്ടെന്നും കണക്ക്.റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡോയിൽ വാങ്ങിയ രാജ്യം ചൈനയാണ്. ആകെ കയറ്റുമതിയുടെ 50 ശതമാനവും ചൈനയിലേക്ക് പോയി. 36 ശതമാനം ഇന്ത്യയും വാങ്ങി. തുർക്കി, യൂറോപ്യൻ യൂണിയൻ തുടങ്ങിയവരും പിന്നാലെയുണ്ട്. അതേസമയം, റഷ്യൻ ക്രൂഡോയിലിൽ നിന്ന് ഉൽപാദിപ്പിക്കുന്ന പെട്രോളിയം ഉൽപന്നങ്ങൾക്ക് വിലക്കുണ്ടെങ്കിലും ഇവ യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇപ്പോഴും വാങ്ങുന്നുണ്ടെന്നും സെറയുടെ റിപ്പോർട്ട് പറയുന്നു. റഷ്യൻ ക്രൂഡോയിൽ ഉപയോഗിച്ച് ഇന്ത്യ, തുർക്കി, ജോർജിയ തുടങ്ങിയ രാജ്യങ്ങൾ ഉൽപാദിപ്പിച്ച 20 കോടി ഡോളറിന്റെ പെട്രോളിയം ഉൽപന്നങ്ങൾ മേയിൽ യൂറോപ്യൻ രാജ്യങ്ങൾ വാങ്ങി.അതേസമയം, റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസ് അനുവദിച്ച 30 ദിവസത്തെ ഇളവ് ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. ഇതിനോടകം കപ്പലുകളിൽ ലോഡ് ചെയ്ത ക്രൂഡോയിലിന് മേയ് 16 മുതൽ മുപ്പതു ദിവസത്തെ ഇളവാണ് യുഎസ് അനുവദിച്ചിരിക്കുന്നത്. ഇതിനു ശേഷം യുഎസ് എന്തു നിലപാടെടുക്കുമെന്ന് വ്യക്തമല്ല. ഹോർമുസ് അടഞ്ഞതോടെ രാജ്യാന്തര ഊർജസുരക്ഷ ഉറപ്പാക്കാനാണ് റഷ്യൻ എണ്ണയ്ക്ക് യുഎസ് ഇളവ് അനുവദിച്ചത്. എന്നാൽ ഹോർമുസ് വീണ്ടും തുറക്കുമെന്ന സാഹചര്യത്തിൽ യുഎസ് നിലപാട് നിർണായകമാകും. എന്നാൽ യുഎസിന്റെ വിലക്ക് കണക്കിലെടുക്കുന്നില്ലെന്നും ഇളവ് അനുവദിച്ചാലും ഇല്ലെങ്കിലും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.


Source link

Back to top button