BUSINESS

ഇനി എഥനോൾ മാത്രമുള്ള ഇന്ധനം, ‘ഇ100’ന് അനുമതി നൽകി ഗഡ്കരി, വർഷത്തിൽ 22 ലക്ഷം കോടി ലാഭിക്കാമെന്ന്, വരും പുതിയ മോഡൽ വാഹനങ്ങൾ


രാജ്യത്ത് 85 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അവതരിപ്പിച്ചതിനു പിന്നാലെ പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ. ഇ100 ഇന്ധനത്തെ കേന്ദ്രസർക്കാർ‍ ഔദ്യോഗികമായി അംഗീകരിച്ചെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇതോടെ എഥനോളിൽ മാത്രം ഓടുന്ന കാറുകളും ബൈക്കുകളും ഉടൻ നിരത്തിലിറങ്ങും. പെട്രോളിന്റെ ഏറ്റവും ഫലപ്രദമായ ബദലാണ് എഥനോളെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. എഥനോൾ ഉപയോഗം വ്യാപകമാക്കിയാൽ ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ചെലവിൽ പ്രതിവർഷം 22 ലക്ഷം കോടി രൂപ ലാഭിക്കാനാകുമെന്നും ഗഡ്കരി പറഞ്ഞു. 100 ശതമാനം എഥനോൾ അടങ്ങിയ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ മോഡൽ മാരുതി സുസുക്കി പുറത്തിറക്കിയിട്ടുണ്ട്. ഹീറോയുടെ രണ്ട് ബൈക്കുകളും 100 ശതമാനം എഥനോളിൽ മാത്രം പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ്. ഇതേ മാതൃകയിൽ കൂടുതൽ ബൈക്കുകളും സ്കൂട്ടറുകളും ഉടൻ നിരത്തിലെത്തും. അടുത്ത രണ്ടു മാസത്തിനുള്ളിൽ ടൊയോട്ട, സുസുക്കി, ഹ്യുണ്ടായ് എന്നീ കമ്പനികളും ഫ്ളെക്സ് ഫ്യൂവൽ വാഹനങ്ങൾ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നീക്കത്തോടെ രാജ്യത്ത് പെട്രോൾ, ഡീസൽ, സിഎൻജി, ഹൈബ്രിഡ്, ഹൈഡ്രജൻ, ഇലക്ട്രിക് എന്നിവയ്ക്ക് പുറമെ ഇ100 ഇന്ധനവും വ്യാപകമാകും. നിലവിൽ രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർത്തിട്ടുണ്ട്. കൂടാതെ 85 ശതമാനം എഥനോൾ അടങ്ങിയ ഇ85 പെട്രോൾ പമ്പുകളും രാജ്യത്ത് ആരംംഭിച്ചു. 85 ശതമാനം എഥനോളും ബാക്കി പെട്രോളും ചേർത്ത ഇന്ധനമായിരിക്കും ഇവിടെ ലഭിക്കുന്നത്. സാധാരണ പെട്രോളിനേക്കാൾ ലീറ്ററിന് 20 രൂപയോളം കുറവാണ് ഇവയ്ക്ക് ഈടാക്കുന്നത്. കൂടാതെ വാഹന നിർമാണ കമ്പനികൾക്ക് ഈ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ സ്വീകരിക്കാനും പരീക്ഷണങ്ങൾ നടത്താനും ഇതോടെ കഴിയും. സാധാരണ ഫോസിൽ എഞ്ചിനുകളിൽ മാറ്റം വരുത്തി ഇ100 ഉപയോഗിക്കാൻ തരത്തിലേക്ക് എത്തിക്കുകയാണ് കമ്പനികൾക്ക് മുന്നിലുള്ള വെല്ലുവിളി. പെട്രോളിനേക്കാൾ ഈർപ്പം ആഗിരണം ചെയ്യാൻ സാധ്യതയുള്ളതിനാൽ എൻജിൻ കാലിബറേഷനിലും ഫ്യുവൽ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പുതിയ നീക്കം കാർഷിക മേഖലയ്ക്കും ഗുണം ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. എങ്ങനെ നടപ്പിലാക്കുംഅതേസമയം, ഇ100ലേക്ക് മാറുന്നത് സർക്കാരിനു മുന്നിൽ വെല്ലുവിളിയാകും. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. ഇ100 ഇന്ധനത്തിന് വേണ്ടി പ്രത്യേക പമ്പുകൾ സ്ഥാപിക്കേണ്ടി വരും. അല്ലെങ്കിൽ നിലവിലെ പമ്പുകളിൽ പ്രത്യേക ഡിസ്പെൻസറുകൾ വേണ്ടി വരും. ഇ85 പെട്രോളിന് വേണ്ടി രാജ്യത്ത് 5000 പമ്പുകൾ ആരംഭിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇ100 സൂക്ഷിക്കാൻ പ്രത്യേക ടാങ്കുകളും മറ്റും ഒരുക്കേണ്ടി വരുമെന്നും വിദഗ്ധർ പറയുന്നു. നേരത്തെ ഇ20 പെട്രോൾ നടപ്പിലാക്കിയപ്പോൾ തന്നെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇ20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നുവെന്നും അറ്റകുറ്റപ്പണികൾ കൂടുതലാണെന്നുമുള്ള പരാതികൾ ഉയരുകയും ചെയ്തു. രാജ്യം പൂർണമായും എഥനോളിലേക്ക് മാറുമ്പോൾ ഉപയോക്താക്കൾ എങ്ങനെ സ്വീകരിക്കുമെന്നതും നിർണായകമാണ്. 


Source link

Back to top button