യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ ‘പൂജ്യം രൂപ’ ടിക്കറ്റെടുക്കണം, ഇല്ലെങ്കിൽ പിഴ 500, ഏഴ് വിഭാഗങ്ങളിൽ യാത്ര

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി പ്രകാരം നാളെ മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര ആരംഭിക്കുമ്പോൾ യാത്രക്കാർ ’സീറോ-വാല്യൂ’ ടിക്കറ്റുകൾ വാങ്ങണം. യാത്ര പൂർണമായും സൗജന്യമാണെങ്കിലും ബസിൽ കയറിയാൽ കണ്ടക്ടറോട് പറഞ്ഞ് ടിക്കറ്റ് കൈപ്പറ്റണം.
യാത്രാസൗജന്യമുളള ബസുകളിൽ പ്രിയദർശനി എന്ന സ്റ്റിക്കറുണ്ടാകും. ടിക്കറ്റ് എടുക്കാതെ പിടിക്കപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കും. യാത്രക്കാരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തുന്നതിനും സർക്കാരിൽ നിന്ന് കെ.എസ്.ആർ.ടി.സിക്ക് സബ്സിഡി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ₹0.00 (പൂജ്യം രൂപ) രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റുകൾ നൽകുന്നത്.
നിയമങ്ങൾ ബാധകം
സൗജന്യ യാത്ര സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും മാത്രം. കൂടെ യാത്ര ചെയ്യുന്ന 5-11 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്ക് ഹാഫ് ടിക്കറ്റെടുക്കണം. 12 വയസായാൽ ഫുൾ ടിക്കറ്റും.
സൗജന്യനിരക്ക് ഒഴികെ മറ്റ് യാത്രക്കാർക്കുള്ള എല്ലാ നിയമങ്ങളും സ്ത്രീകൾക്കും ബാധകം.
കണ്ടക്ടർ നൽകുന്ന ഇലക്ട്രോണിക് ടിക്കറ്റിന്റെ മുകളിൽ “പ്രിയദർശിനി’എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തലുണ്ടെന്ന് യാത്രക്കാർ ഉറപ്പുവരുത്തണം.
ഏഴ് വിഭാഗങ്ങളിൽ സൗജന്യ യാത്ര
1.സിറ്റി ഓർഡിനറി
2. ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
3. ഓർഡിനറി
4. ഗ്രാമവണ്ടി
5. ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
6. പോയിന്റ് ടു പോയിന്റ്
7. ടൗൺ ടു ടൗൺ
Source link
NEWS


