NEWS
നിപ്പ അവിടെ നില്ല്, ഈ പോര് കഴിയട്ടെ: പ്രതിഷേധിച്ച് കുത്തിയിരിപ്പ് നടത്തി റിയാസ്; അവാർഡ് വാങ്ങാൻ വേണ്ടി ‘ഷോ’ നടത്തേണ്ട കാര്യമില്ലെന്ന് യുഡിഎഫ്

കോഴിക്കോട് ∙ നിപ്പ പ്രതിരോധത്തിന്റെ പേരിൽ ജില്ലയിൽ രാഷ്ട്രീയപ്പോര്. നിപ്പയെ നേരിടുന്നതിൽ സർക്കാർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ അവാർഡ് വാങ്ങാൻ വേണ്ടിയുള്ള ‘ഷോ’ നടത്തേണ്ട കാര്യമില്ലെന്ന് യുഡിഎഫ് തിരിച്ചടിച്ചു. നിപ്പ കൺട്രോൾ റൂമിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ബേപ്പൂർ എംഎൽഎ പി.എ.മുഹമ്മദ് റിയാസ് ഇന്നലെ കലക്ടറേറ്റിൽ പ്രതിഷേധിക്കുകയും കുത്തിയിരിപ്പ് നടത്തുകയും ചെയ്തു. പിന്നാലെ ചർച്ചയ്ക്കായി റിയാസിനെ കൺട്രോൾ റൂമിന് അകത്തേക്ക് വിളിപ്പിച്ചു. മുൻകാലങ്ങളിൽ ഇത്തരം കാര്യങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്താറുണ്ടായിരുന്നുവെന്ന് റിയാസ് പറയുമ്പോൾ ജനപ്രതിനിധികൾ മുൻപ് ഇടപെടാത്തതിനാൽ അനുമതി നൽകാൻ ആകില്ലെന്നാണ് അധികൃതരുടെ നിലപാട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ നടപടികൾ അതീവ ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നതെന്നും ഭരണപക്ഷവും യുഡിഎഫ് ജനപ്രതിനിധികളും വ്യക്തമാക്കി.
Source link


