CINEMA

മലയാളത്തിൽ അഭിനയിക്കാൻ കൊതി, ദക്ഷിണേഷ്യയിലെ മികച്ച സിനിമകൾ അവിടെയാണ്’; മനസ് തുറന്ന് പാക് സുന്ദരി മാഹിറ ഖാൻ

അതിരുകൾ ഭേദിച്ച് മുന്നേറുകയാണ് മലയാള സിനിമയുടെ ഖ്യാതി. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ മലയാള ചിത്രങ്ങളെ നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോഴിതാ ഈ നിരയിലേക്ക് ഒരു വിദേശ താരം കൂടി എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ ചിത്രം ‘റായീസി’ലൂടെ ഇന്ത്യൻ പ്രേക്ഷകർക്ക് പരിചിതയായ പാകിസ്ഥാനി നടി മാഹിറ ഖാനാണ് മലയാള സിനിമകളോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നെങ്കിലും ഒരിക്കൽ മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നാണ് മാഹിറ വ്യക്തമാക്കിയത്. പ്രമേയത്തിന്റെ കാര്യത്തിലും മേക്കിംഗിലും ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത് മലയാളത്തിലാണെന്നും നടി അഭിപ്രായപ്പെട്ടു. ഒരു പ്രമുഖ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തെന്നിന്ത്യൻ സിനിമയെ പ്രശംസിച്ച് താരം രംഗത്തെത്തിയത്.

അഭിമുഖത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നയാൾ താൻ ദക്ഷിണേന്ത്യയിൽ നിന്നാണെന്നും മലയാളി ആണെന്നും മാഹിറയോട് പറഞ്ഞപ്പോഴാണ് നടി മലയാള സിനിമയെക്കുറിച്ചുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് മനസ് തുറന്നത്. മലയാളം സിനിമകൾ ഒരുപാട് ഇഷ്ടമാണെന്നും അവിടുത്തെ കഥകൾ തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും നടി ആവേശത്തോടെ പങ്കുവച്ചു.

പാകിസ്ഥാനിലെ ജനപ്രിയയും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് 41കാരിയായ മാഹിറ ഖാൻ. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിന്റെ നായികയായി തിളങ്ങിയെങ്കിലും, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിൽ പാക് താരങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിലക്കുകൾക്കൊന്നും മലയാള സിനിമയോടുള്ള നടിയുടെ സ്‌നേഹം കുറയ്ക്കാനായിട്ടില്ലെന്നാണ് താരത്തിന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.


Source link

Back to top button