NEWS

കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം ഓഫീസ് വരാന്തയിൽ

കൊല്ലം: കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശിയായ ബാബു (50) ആണ് തൂങ്ങി മരിച്ചത്. ഡിപ്പോയിലെ ഗ്യാരേജിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലത്തെ നിലയിലെ ഓഫീസ് വരാന്തയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ദീർഘനാളത്തെ സസ്‌പെൻഷനും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടന നടത്തിയ കെ.എസ്.ആർ.ടി.സി സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ പേരിൽ ബാബു അടക്കം നാല് ജീവനക്കാരെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സസ്‌പെൻഷനെ തുടർന്ന് ഒരു വർഷത്തോളം ബാബുവിന് ശമ്പളം ലഭിച്ചിരുന്നില്ല. ഇത് കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി.

ഭാര്യയുടെ ആരോഗ്യപ്രശ്നങ്ങൾ കൂടിയായതോടെ കുടുംബം കൂടുതൽ ബുദ്ധിമുട്ടിലായി. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് ഈ വർഷം മാർച്ചിലാണ് ബാബു വീണ്ടും ജോലിയിൽ പ്രവേശിച്ചത്. എന്നാൽ മുൻപുണ്ടായ കടബാദ്ധ്യതകളും മാനസിക സമ്മർദ്ദവും ബാബുവിനെ അലട്ടിയിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും വ്യക്തമാക്കുന്നു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Source link
NEWS

Back to top button