NEWS

ഇടഞ്ഞ് സ്വതന്ത്രർ, വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്‌റ്റായി; പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം പ്രതിസന്ധിയിൽ

കോട്ടയം: പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് മോഷണം നടത്തിയെന്ന പരാതിയുമായി ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം. തന്റെ വിലപിടിപ്പുള്ള വാച്ചും സീൽ ചെയ്‌ത ചില ഫയലുകളും ബിജു മാത്യൂസ് മോഷ്‌ടിച്ചെന്നാണ് ദിയയുടെ ആരോപണം.

പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെ നഗരസഭ ഭരിക്കുന്ന യുഡിഎഫിനെ ഈ സംഭവം വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ടീം യുഡിഎഫിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് മൂന്ന് സ്വതന്ത്രരും ലെഫ്‌റ്റായി. തർക്കം രൂക്ഷമായതോടെ യുഡിഎഫ് ഭരണം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്‌ച കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുള്ളിലെ ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ സംഭവങ്ങൾക്ക് തുടക്കമിട്ടത്. ചെയർപേഴ്‌സന്റെ പിതാവും കൗൺസിലറുമായ ബിനു പുളിക്കക്കണ്ടം തന്നെ മർദിച്ചുവെന്നാരോപിച്ച് ബിജു മാത്യൂസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബിജു മാത്യൂസിനൊപ്പം ചെയർപേഴ്‌സന്റെ ചേംബറിൽ പരിശോധനയ്‌ക്കെത്തി. ഈ സമയത്താണ് വാച്ചും ഫയലുകളും മോഷണം പോയതെന്നാണ് ദിയ ബിനു ആരോപിക്കുന്നത്.

കേരള കോൺഗ്രസ് എമ്മിന്റെ ഉറച്ച കോട്ടയായ പാലായിൽ വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സ്വതന്ത്രർക്കൊപ്പം ചേർന്ന് യുഡിഎഫ് ഭരണം പിടിച്ചത്. അതിനാൽ, ചർച്ചകളിലൂടെ ഇപ്പോഴത്തെ തർക്കങ്ങൾക്ക് പരിഹാരം കാണാനാണ് നിലവിൽ മുതിർന്ന നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ, തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ നഗരസഭയുടെ ഭരണം പോലും യുഡിഎഫിന് നഷ്‌ടപ്പെട്ടേക്കാം.


Source link
NEWS

Back to top button