‘കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര’; പ്രഖ്യാപിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ജൂൺ 15 മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയിൽ സൗജന്യമായി യാത്രചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സൗജന്യയാത്രയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നും ‘പ്രിയദർശിനി’ എന്നാണ് ഈ പദ്ധതിയെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഓർഡിനറി ബസിലാണ് ആദ്യം സൗജന്യയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. മാസം 65 മുതൽ 75 കോടിയോളം രൂപയുടെ ബാദ്ധ്യത സർക്കാരിന് വരും. വർഷത്തിൽ 800 കോടിരൂപയോളം കെഎസ്ആർടിസിക്ക് വരുമാനകുറവ് വരും. അതും സർക്കാർ നൽകും. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് സൗജന്യയാത്ര അനുവദിക്കുക.
ഇപ്പോൾ ഒരു വർഷം 1500 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. അതിനൊപ്പം ഇതും നൽകും. ആദ്യം ഘട്ടമെന്ന രീതിയിലാണ് ഓർഡിനറിയിൽ സൗജന്യയാത്ര നൽകുന്നത്. കെഎസ്ആർടിസിയുടെ നിലമെച്ചപ്പെടുത്തിയിട്ട് രണ്ടാം ഘട്ടത്തെക്കുറിച്ച് ആലോചിക്കും. സ്വന്തമായി വരുമാനം ഉണ്ടാക്കാൻ കെഎസ്ആർടിസിയെ പ്രോത്സാഹിപ്പിക്കും. എല്ലാകാര്യങ്ങളെക്കുറിച്ചും പഠിക്കാനാണ് ആദ്യം ഓർഡിനറിയിൽ പദ്ധതി നടപ്പിലാക്കുന്നത്’- വി ഡി സതീശൻ വ്യക്തമാക്കി.
Source link
NEWS


