test del 5 copy of del 3

സ്വർണവില വീണ്ടും വീണു; ഹോർമുസിൽ വെവ്വേറെ ‘കഥ പറഞ്ഞ്’ ഇറാനും യുഎസും, തർക്കച്ചൂടിൽ വില കൂടുതൽ താഴേക്ക്?


സ്വർണവില കേരളത്തിൽ ഇന്ന് ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 13,995 രൂപയിലെത്തി. പവൻ വില 240 രൂപ കുറഞ്ഞ് 1,11,960 രൂപ. ഹോർമുസിൽ ഇറാൻ-യുഎസ് ഏറ്റുമുട്ടലുണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് സ്വർണവില കുറയാൻ കാരണം.ക്രൂഡ് ഓയിൽ വില ഉയരുന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ ഭീഷണിയും ഉയർത്തി. കേന്ദ്രബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഇതോടെ മങ്ങി. ഇന്ന് പുറത്തു വരാനിരിക്കുന്ന യുഎസ് തൊഴിൽ കണക്കുകളാണ് ഇപ്പോൾ നിക്ഷേപകർ ഉറ്റുനോക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ അടുത്ത പണനയ തീരുമാനം എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനകൾ ഇതിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ യോഗത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചാൽ സ്വർണവില വീണ്ടും കുറയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇറാൻ-യുഎസ് സംഘർഷത്തിന് പരിഹാരമുണ്ടായാൽ സ്വർണവും വെള്ളിയും 2025ലേതിനേക്കാൾ കുതിച്ചേക്കുമെന്ന് നിരീക്ഷകർ പറയുന്നു. 2025ൽ സ്വർണം 65 ശതമാനവും വെള്ളി 135 ശതമാനവും വർധിച്ചിരുന്നു. സംഘർ‌ഷം തുടങ്ങിയതോടെ കാര്യങ്ങൾ വിപരീത ദിശയിലാണ്. സ്വർണവില ഇക്കൊല്ലം 10 ശതമാനത്തോളം കുറഞ്ഞു. വെള്ളി വിലയിൽ 60 ശതമാനത്തോളം ഇടിവ്. 1980നു ശേഷമുള്ള ഏറ്റവും വലിയ തകർച്ച. യുദ്ധസാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണം വാങ്ങുന്നതാണ് പതിവെങ്കിലും ഹോർമുസ് അടഞ്ഞതോടെ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് തിരിച്ചടിയായത്. ഡോളറിന്റെ വിനിമയ നിരക്ക് ഉയർന്നതും പണപ്പെരുപ്പ ഭീഷണിയും സ്വർണമുന്നേറ്റത്തെ തടഞ്ഞു.


Source link

Back to top button