test del 5 copy of del 3
അപകട പരമ്പരയിൽ ജീവൻ പൊലിഞ്ഞ് നടൻ സന്തോഷ് കെ. നായരും; എംസി റോഡിൽ സംഭവിക്കുന്നതെന്ത്?

ഏനാത്ത് ∙ എംസി റോഡിലെ എംജി കവല സ്ഥിരം അപകട മേഖലയാണ്. പാലം മുതൽ പെട്രോൾ പമ്പിനു വടക്കു വരെ റോഡ് നേർ രേഖയിലാണ്. അതു കഴിഞ്ഞാണ് എംജി കവലയോലോടു ചേർന്നുള്ള വളവ്. അമിത വേഗത്തിലെത്തുന്ന വാഹനം നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചാണ് ഇവിടെ അപകടം പതിവാകുന്നത്. ഇതിനോടകം ഒട്ടേറെ അപകടങ്ങളും അപകട മരണങ്ങളും നടന്നു. ഇന്നലെ പുലർച്ചെ നടൻ സന്തോഷ്.കെ.നായർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന പാഴ്സൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത്.എം സി റോഡിൽ ചേരുന്ന ഗതാഗത സുരക്ഷയില്ലാത്ത ഉപറോഡുകൾ അപകടക്കെണിയാണ്. എംസി റോഡിലൂടെ അമിത വേഗത്തിൽ കടന്നു പോകുന്ന വാഹനങ്ങളും ഉപറോഡിലൂടെ വരുന്ന വാഹനങ്ങളും പരസ്പരം കൂട്ടിയിടിച്ച് അപകടം പതിവാണ്. ഇത്തരം ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വേഗ നിയന്ത്രണ ഉപാധികൾ ഫലപ്രദമല്ലന്നാണു വിലയിരുത്തൽ. കവലകളിൽ ഇരു വശത്തും ഒരേ ഭാഗത്തുള്ള കാത്തിരിപ്പു കേന്ദ്രങ്ങളും അപകട മേഖലകളാണ്.ബ്ലാക് സ്പോട്ടുകൾ സുരക്ഷിതമാക്കാനുള്ള നടപടി സ്വീകരിക്കേണ്ട ചുമതല റോഡ് സുരക്ഷാ അതോറിറ്റിക്കാണ്. അപകട മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അമിത വേഗത്തിന് തടയിടാൻ പരീക്ഷണം നടത്തിയിരുന്നു. ജർമൻ നിർമിത റിയൽ ടൈം സ്പീഡ് ഫീഡ്ബാക് സൈൻ എന്ന ഉപകരണം ഉപയോഗിച്ചായിരുന്നു രണ്ടു വർഷം മുൻപ് പരീക്ഷണം. വാഹനത്തിന്റെ വേഗം അകലെ നിന്ന് ഡ്രൈവറെ ഓർമപ്പെടുത്തുന്നതായിരുന്നു സംവിധാനം. ഇത്തരത്തിൽ നാറ്റ് പാക് ഉൾപ്പെടെ ബന്ധപ്പെട്ട വിവിധ ഏജൻസികളുടെ പഠനം തുടരുമ്പോഴും പാതയെ അപകടരഹിതമാക്കുന്ന നടപടി മാത്രം യാഥാർഥ്യമാകുന്നില്ല.
Source link


