LATEST NEWS
‘കൊടുംചൂടിൽ നിന്ന് മോചനം; മേയ് മാസത്തിൽ സംസ്ഥാനത്ത് ശരാശരിയിലേറെ മഴയ്ക്ക് സാധ്യത’

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കൊടുംചൂടിന് ആശ്വാസമായി മേയ് മാസത്തില്‍ ശരാശരിയിലുമേറെ മഴ ലഭിക്കുമെന്നും താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ നിത കെ. ഗോപാല്‍. മേയ് രണ്ടാം ആഴ്ച മുതല്‍ നല്ല തോതില്‍ മഴ പെയ്യുന്നതിന് അനുകൂലമായ കാലാവസ്ഥാ ഘടകങ്ങളാണ് രൂപപ്പെടുന്നത്. അറബിക്കടലില്‍നിന്നുള്ള നീരാവി നിറഞ്ഞ പടിഞ്ഞാറന്‍ കാറ്റ് കേരള തീരത്ത് എത്തുന്നതോടെയാണ് കനത്ത മഴ ലഭിക്കുക. നിലവില്‍ തെലങ്കാന മുതല്‍ കന്യാകുമാരി വരെ ഒരു ന്യൂനമര്‍ദപാത്തിയുള്ളതിനാലാണ് ഇടിയോടെ മഴ ലഭിക്കുന്നത്. അതിനൊപ്പം, വേനൽക്കാലത്തെ കാറ്റിന്റെ ഘടന മാറുന്ന സമയവുമാണിത്. മഴ കൂടുതല്‍ ലഭിക്കാനുള്ള അനുകൂലമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.ഏപ്രിലില്‍ ശരാശരിയേക്കാള്‍ (105.5 മില്ലീമീറ്റര്‍) കുറവു മഴയാണു ലഭിച്ചത്. കര്‍ണാടകയോടു ചേര്‍ന്ന ഭാഗത്തും മഹാരാഷ്ട്രയിലും അന്തരീക്ഷത്തിന്റെ മധ്യഭാഗത്തായി സമുദ്രനിരപ്പില്‍നിന്ന് 3-5 കിലോമീറ്റര്‍ ഉയരത്തിലായി പ്രതിചക്രവാതച്ചുഴി നിലനിന്നതാണ് മഴമേഘങ്ങള്‍ രൂപപ്പെടുന്നതിനു തടസ്സമായതും താപനില ഉയരാൻ കാരണമായതും. രാത്രിയില്‍ പോലും അന്തരീക്ഷം തണുക്കാതിരിക്കാനും ഇതു കാരണമായി.
Source link


