NEWS
ശബരിമല സ്വർണക്കൊള്ള: സിപിഎം നടപടി സ്വീകരിച്ചാൽ ഉന്നതരുടെ പങ്ക് വെളിപ്പെടുത്താൻ പത്മകുമാർ

പത്തനംതിട്ട ∙ ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെതിരെ സിപിഎം നടപടി സ്വീകരിച്ചാൽ ഉന്നതരായ പല നേതാക്കളും കുടുങ്ങും. പാർട്ടിയിൽ നിന്നു തരം താഴ്ത്തുകയോ പുറത്താക്കുകയോ ചെയ്യുന്ന നടപടി ഉണ്ടായാൽ സ്വർണക്കൊള്ളയിൽ മുൻ മന്ത്രിയുടെ അടക്കം പങ്ക് പരസ്യമാക്കാൻ പത്മകുമാർ തയാറെടുക്കുന്നതായാണു സൂചന. ഇതോടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലയുടെ ചുമതലയുമുള്ള തോമസ് ഐസക്കിനെ അനുനയ ചർച്ചകൾക്കു നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ പത്മകുമാറിന്റെ ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കുമെന്ന വാർത്തകളും വന്നതോടെ എന്ത് നടപടി എടുക്കണം എന്നറിയാതെ സിപിഎം നേതൃത്വവും വെട്ടിലായിരിക്കുകയാണ്. പാർട്ടി പ്രവർത്തകരെയും വിശ്വാസികളെയും അനുനയിപ്പിക്കണമെങ്കിൽ പത്മകുമാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റി മുതൽ ലോക്കൽ കമ്മിറ്റി വരെ സ്വർണക്കൊള്ള തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണമാണെന്നു വിലയിരുത്തിയിരുന്നു. പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതിലുള്ള അമർഷവും കീഴ് ഘടകങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നു. ഗത്യന്തരമില്ലാതെയാണു സിപിഎം സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
Source link

